കരട് ബില്ലിൽ മാറ്റം വരുത്തും,​ സ്വകാര്യ സർവകലാശാല തുടങ്ങാൻ വമ്പൻ ഇളവ്

Friday 09 February 2024 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവകലാശാലകൾ തുടങ്ങാൻ വമ്പൻ ഇളവുകളും ആനുകൂല്യങ്ങളും നൽകുമെന്ന ബഡ‌്ജറ്റ് പ്രഖ്യാപനത്തിന് സമാനമായി സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനും ഇളവുകൾ നൽകും. ഇതിനായി നേരത്തെ തയ്യാറാക്കിയ കരട് ബില്ലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് ബിൽ തിരിച്ചയച്ചു.

സ്വകാര്യ സർവകലാശാല തുടങ്ങാനാവശ്യമായ 40ഏക്കർ വരെ ഭൂമിയിലും 25കോടി ട്രഷറി നിക്ഷേപത്തിലും 30 കോടി പ്രവർത്തന ഫണ്ടിലുമടക്കം ഇളവു നൽകും. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് അഴിച്ചുപണിയുക. സഭാസമ്മേളനം 15ന് കഴിഞ്ഞശേഷം ഓർഡിനൻസായി ഇറക്കാനാണ് നീക്കം. അന്യസംസ്ഥാനങ്ങളിലെ വമ്പന്മാരടക്കം സ്വകാര്യവാഴ്സിറ്റിക്ക് സന്നദ്ധതയറിയിച്ചിട്ടുണ്ട്.

വിദേശ സർവകലാശാലകൾക്ക് സ്റ്റാമ്പ്, ട്രാൻസ്ഫർ, രജിസ്ട്രേഷൻ ഡ്യൂട്ടിയിളവും വൈദ്യുതി, വെള്ളക്കരത്തിൽ സബ്സിഡിയും നികുതിയിളവും സഹിതം ഏകജാലക ക്ലിയറൻസ് നൽകുമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. എന്നാൽ സ്വകാര്യ വാഴ്സിറ്റികൾ തുടങ്ങാൻ കടുത്ത നിബന്ധനകളാണുള്ളത്.

ആഗോള റാങ്കിംഗിൽ 500നുള്ളിലെ വിദേശവാഴ്സിറ്റികൾക്ക് രാജ്യത്തെവിടെയും ക്യാമ്പസുകൾ തുറക്കാമെങ്കിലും ഇരുപതു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ സ്വകാര്യ വാഴ്സിറ്റിക്ക് അപേക്ഷിക്കാനാവൂ. ഇതിൽ ഇളവ് നൽകും. നഗരസഭാ പരിധിയിൽ ഇരുപതേക്കർ, മുനിസിപ്പാലിറ്റിയിൽ മുപ്പതേക്കർ, പഞ്ചായത്തിൽ നാൽപ്പതേക്കർ ഭൂമിയാണ് വേണ്ടത്. കേരളത്തിൽ ഭൂമിവില ഉയർന്നതാണെന്നും നഗരപ്രദേശത്ത് കൂടുതൽ ഭൂമി കണ്ടെത്താനാവില്ലെന്നതും പരിഗണിച്ച്, നഗരങ്ങളിൽ പത്തേക്കർ ഭൂമിയുണ്ടെങ്കിലും വാഴ്സിറ്റി തുടങ്ങാമെന്നതടക്കം ഇളവുനൽകും.

എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ അമ്പതിനുള്ളിലുള്ളതും മൂന്നിൽരണ്ട് സാങ്കേതിക കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷനുള്ളതുമായ സ്ഥാപനങ്ങൾക്കേ അപേക്ഷിക്കാനാവൂ എന്നതിലും ഇളവുണ്ടാവും. അഞ്ചുവർഷം കഴിഞ്ഞാൽ സംസ്ഥാനത്തെവിടെയും ഓഫ് കാമ്പസ്, സ്റ്റഡി സെന്ററുകളാരംഭിക്കാം.

37%

കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നവർ

75%

ആയി ഉയർത്തുകയാണ് ലക്ഷ്യം

വൻ നിക്ഷേപം വരും

ഒരു സ്വാശ്രയ മെഡിക്കൽകോളേജ് നിർമ്മിക്കാൻ 2500കോടി മുടക്കണം. സർവകലാശാലയ്ക്ക് ഇതിന്റെ പലമടങ്ങാവും. സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്, വിനോദ, ഭവന സമുച്ചയങ്ങൾ ഉയരും. ഇതിലൂടെ വൻ നിക്ഷേപമാണുണ്ടാവുക.

രാജ്യത്ത് സ്വകാര്യ വാഴ്സിറ്റി

2012----------------- 190

2019----------------- 407

2021----------------- 421

2023----------------- 430