ആ കളക്ടർ, പ്രേംനഗർ കോളനിക്ക് വിലാസമാണ് !

Friday 09 February 2024 12:00 AM IST

മാള: മുൻ കളക്ടർ പ്രേമചന്ദ്രക്കുറുപ്പിന്റെ വിയോഗം, മാള പഴൂക്കര പ്രേംനഗർ കോളനിക്കാരെ വല്ലാതെ ഉലയ്ക്കുന്നു.

ഇന്നലെ രാവിലെയാണ് അവരാ വിയോഗമറിയുന്നത്. പഴയ ഓർമ്മകളിൽ കോളനിയിലെ രത്നത്തിന്റെ കണ്ണുകൾ ഈറനണിയുന്നു. രത്നത്തിന് പ്രേമചന്ദ്രക്കുറുപ്പുമായി അഭേദ്യമായ ബന്ധമുണ്ട്. കഴിഞ്ഞയാഴ്ച ഫോണിൽ വിളിച്ചപ്പോൾ, ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിലായിരുന്ന അദ്ദേഹം, അസുഖം മാറിയാൽ ഉടനെത്താമെന്ന് ഉറപ്പും പറഞ്ഞിരുന്നു.

രത്നവുമായുള്ള ബന്ധം 2006ൽ ആരംഭിക്കുന്നതാണ്. ആ കോളനിക്ക് പ്രേംനഗറെന്ന വിലാസവും അവിടുത്തെ 19 വീടുകളുണ്ടായതും പ്രേമചന്ദ്ര കുറുപ്പിന്റെ പ്രയത്നഫലമായിരുന്നു.

കളക്ടർ തുനിഞ്ഞിറങ്ങി; പ്രേംനഗർ ഉണ്ടായി

അന്ന് തൃശൂർ കളക്ടറാണ് പ്രേമചന്ദ്രക്കുറുപ്പ്. കാണാൻ മൂന്ന് സ്ത്രീകൾ കളക്ടറേറ്റിലെത്തുന്നു. ഏതുനിമിഷവും പൊളിഞ്ഞു വീഴാറായ പഴൂക്കരയിലെ അവരുടെ 19 ഇരട്ട വീടുകൾ പൊളിച്ചുപണിയണം. ശോചനീയാവസ്ഥ നേരിട്ടുകണ്ട് വിഷമിച്ച കളക്ടർ ചട്ടം നോക്കാതെ രണ്ടുംകൽപ്പിച്ച് മുന്നിട്ടിറങ്ങി. 40 ലക്ഷം രൂപ വേണം നിർമ്മാണത്തിന്.

25 ലക്ഷം ദേശീയ സമ്പാദ്യ പദ്ധതിയിലെ ഇൻസെന്റീവിൽ നിന്ന് നൽകി. അന്നത്തെ മാള ബി.ഡി.ഒയെ വിളിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ പങ്കാളിത്തമുറപ്പാക്കി തുക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. വിദേശത്തുള്ള സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്തോടെ ബാക്കി പണം സ്വരൂപിച്ച് 7 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. പണി പൂർത്തിയായപ്പോൾ പ്രേമചന്ദ്രക്കുറുപ്പിന്റെ സ്മരണ നിലനിറുത്താൻ പ്രേംനഗർ ഹൗസിംഗ് കോളനി എന്ന് പേരിട്ടു. 2006 ജൂലായ് 16ന് സാഹിത്യകാരൻ സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്തു. അന്നത്തെ മൂന്ന് സ്ത്രീകളിൽ ഒരാളായ രത്‌നത്തിന് ആദ്യകാഴ്ച മുതലുള്ള ഓരോ ദൃശ്യവും ഇന്നും ഓർമ്മയിലുണ്ട്.

കളക്ടർക്ക് മരണമില്ല. ഞങ്ങളുടെ ഓർമ്മയിൽ എന്നും അദ്ദേഹം ജീവിക്കും

രത്‌നം

Advertisement
Advertisement