പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഇ.ഡി അറസ്റ്റ് ഭീഷണിയിൽ: കേജ്‌രിവാൾ

Friday 09 February 2024 1:23 AM IST

ന്യൂഡൽഹി: അകാരണമായി ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച് സർക്കാരുകളെ വീഴ്‌ത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. താനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെല്ലാം അറസ്റ്റ് ഭീഷണിയിലാണെന്നും കേരള സർക്കാരിന്റെ സമരത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ചൂണ്ടിക്കാട്ടി. സമയചക്രം ഉരുളുകയാണ്. ഇപ്പോൾ ഭരണത്തിലിരിക്കുന്നവർക്ക് താഴെ ഇറങ്ങേണ്ടി വരും. പ്രതിപക്ഷം കയറുമ്പോൾ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫണ്ടില്ലാതെ കേരളത്തിലെയും തമിഴ്‌നാട്ടിലെയുമൊക്കെ സർക്കാർ എങ്ങനെ പ്രവർത്തിക്കും. പിണറായി വിജയൻ ഭിക്ഷ തേടി വന്നതല്ല. അദ്ദേഹം സ്വന്തം കുടുംബത്തിനു വേണ്ടിയല്ല ചോദിക്കുന്നത്.പ്രതിപക്ഷ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന 70 കോടി ജനങ്ങൾ ഇന്ത്യക്കാരല്ലെന്നാണോ? കേരളത്തിലുള്ളവർ ഇവിടെയുള്ളവരല്ലേ.? അവർക്കെതിരെയാണ് കേന്ദ്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ-പാക് യുദ്ധം പോലെയാണതെന്നും കേജ്‌രിവാൾ ചൂണ്ടിക്കാട്ടി.

 സീതാറാം യെച്ചൂരി

തെക്ക്-വടക്കെന്ന ഭൂമിശാസ‌്‌ത്രപരമായ വ്യത്യാസങ്ങൾ രാജ്യത്തിന് പ്രശ്നമില്ല. പ്രശ്‌നം മോദിയുടെ നയങ്ങൾ. മതേതര രാഷ്‌ട്രത്തെ ഫാസിസ്‌റ്റ് ഹിന്ദുത്വ രാജ്യമാക്കാൻ ശ്രമം. എവറസ്റ്റ് കീഴടക്കിയവന് അവിടെ താമസിക്കാൻ കഴിയില്ല. അതു പോലെ മോദിക്കും ഒരു ദിവസം ഇറങ്ങേണ്ടി വരുമെന്ന് ഓർക്കണം.

 ഡി. രാജ

നരേന്ദ്രമോദിയുടെ സഹകരണ ഫെഡറലിസം വെറും വാക്കായി. രാജ്യത്തെ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അടിയറവ് വച്ചു.

 പളനിവേൽ ത്യാഗരാജൻ

കറൻസി നോട്ടിൽ ഗാന്ധിക്ക് പകരം മോദിയുടെ ചിത്രം വരുന്ന കാലം വിദൂരമല്ല. പ്രധാനമന്ത്രിയുടെ പേരുകളിൽ മാത്രമെ പദ്ധതികൾ നടപ്പാക്കാനാകൂ. ചർച്ചകളിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ സംസ്ഥാനങ്ങളെ കേൾക്കാറില്ല.

 ഫറൂഖ് അബ്‌ദുള്ള

കേരള മുഖ്യമന്ത്രി സ്വന്തം ഭാഷയിൽ ഡൽഹിയിൽ സംസാരിക്കുന്നു. എനിക്ക് സ്വന്തം ഭാഷയുണ്ട്. ഇന്ത്യയുടെ ഈ വൈവിധ്യത്തെ ഇല്ലാതാക്കാൻ ശ്രമം. 370- റദ്ദാക്കിയിട്ടും ജമ്മുകാശ്‌മീരിൽ സമാധാനമില്ല.

 ഭഗവന്ത് സിംഗ് മാൻ

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ 36 വോട്ടിന്റെ ക്രമക്കേട് നടത്തിയവർ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 90 കോടി വോട്ടിലും അത് ആവർത്തിക്കില്ലെന്ന് ആരു കണ്ടു.

 കപിൽ സിബൽ

5000 കോടിയുടെ ഇലക്‌ടറൽ ബോണ്ട് സംഭാവന ബി.ജെ.പിക്ക് എവിടെ നിന്ന് കിട്ടിയെന്ന് ആർക്കും അറിയില്ല. നൽകാത്തവർക്ക് കേന്ദ്ര ഏജൻസികളെ നേരിടേണ്ടി വരും. ജനത്തിന്റെ നികുതിപ്പണം കൊണ്ട് നൽകുന്ന പദ്ധതികൾ മോദിയുടെ വകയാകുന്നത് എങ്ങനെ.

 തിരുച്ചി ശിവ

തമിഴ്നാട് ഗവർണർ സിവിൽ സർവീസ് ട്രെയിനികളോട് ഭരണഘടന പാലിക്കാൻ ആവശ്യപ്പെടുന്നതിന് പകരം കേന്ദ്ര സർക്കാരിനെ അനുസരിക്കാനാണ് പറഞ്ഞത്.

Advertisement
Advertisement