കല്ലടയാറ് നീന്തിക്കടന്ന് അഞ്ച് വയസുകാരി

Friday 09 February 2024 12:34 AM IST

പടി. കല്ലട: കല്ലടയാർ നീന്തിക്കടന്ന് അഞ്ചു വയസുകാരി മെഹ്നാസ് നാട്ടുകാരുടെ 'സിംഗ പെണ്ണാ'യി. ബുധനാഴ്ച വൈകിട്ടാണ് മുതിർന്നവർ പോലും നീന്താൻ ഭയപ്പെടുന്ന പടി. കല്ലടയിലെ ബി.കെ.എസ് കടവിൽ നിന്ന് ആറാട്ട് കടവിലേക്കുള്ള (പഴയ ഓലത്ര കാവ്) 400 മീറ്റർ ദൂരം ഏവരെയും അത്ഭുതപ്പെടുത്തി, മൈനാഗപ്പള്ളി വേങ്ങ കടപ്പായിൽ മുഹമ്മദ് - മുംതാസ് ദമ്പതികളുടെ മകളും ശാസ്താംകോട്ടയിലെ സ്വകാര്യ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയുമായ മെഹ്നാസ് അലി മേക്ക് നീന്തിക്കയറിയത്.

ജലാശയങ്ങളിൽ വീണ് ഒരോവർഷവും ആയിരത്തിനടുത്ത് കുട്ടികളാണ് മരിക്കുന്നത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് മെഹ്നാസിന്റെ രക്ഷകർത്താക്കളും നീന്തൽ പരിശീലകനായ സന്തോഷ് അടുരാനും ചേർന്ന് കല്ലടയാറിൽ നീന്തൽ സംഘടിപ്പിച്ചത്.

മെഹ്നാസ് മാതാവിനൊപ്പം ഒരു ഹോട്ടലിൽ പോയപ്പോൾ അവിടുത്തെ ചുമരിൽ നീന്തൽ പരിശീലനത്തിന്റെ ചിത്രം പതിച്ചിരുന്നു. ഇത് കണ്ടതോടെയാണ് നീന്തൽ പഠിക്കണമെന്ന ആഗ്രഹം ഉദിച്ചത്.

തുടർന്ന് മാതാപിതാക്കൾ ഭരണിക്കാവിലെ ബ്ലാക്ക് ബേർഡ് നീന്തൽ പരിശീലന കേന്ദ്രത്തിലാക്കി. മൂന്ന് ദിവസം കൊണ്ട് മെഹ്നാസ് പരിശീലകനെ പോലും അത്ഭുതപ്പെടുത്തി നീന്താൻ തുടങ്ങി.

ഇതിനിടെ ഫേസ് ബുക്കിൽ ഏഴ് വയസുകാരൻ പുഴ നീന്തിക്കടക്കുന്ന വീഡിയോ കണ്ടതോടെ തനിക്കും ഇത്തരത്തിൽ ചെയ്യണമെന്ന് മെഹ്നാസ് ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് ബോധവത്ക്കരണമെന്ന നിലയിൽ മാതാപിതാക്കൾ സമ്മതം മൂളി. 15 മീറ്റർ നീളമുള്ള സ്വിമ്മിംഗ് പൂളിൽ 200 മീറ്റർ കൊച്ചുമിടുക്കി ക്ഷീണമില്ലാതെ നീന്തി. പിന്നീട് രണ്ട് ദിവസം കല്ലടയാറ്റിൽ പരിശീലനം നടത്തി.

തുടർന്നാണ് കല്ലടയാർ നീന്തിക്കടന്നത്. പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇനി അഷ്ടമുടിക്കായൽ നീന്തി കയറണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

മുഹമ്മദിനും മുംതാസിനും 13 വർഷം കാത്തിരുന്ന ശേഷം ലഭിച്ച കുട്ടിയാണ് മെഹ്നാസ്. പിതാവ് വിദേശത്താണ്. മകളുടെ പ്രകടനം കാണാൻ ഒരാഴ്ച മുമ്പ് നാട്ടിലെത്തി. ഇന്നലെ തിരികെ പോയി.

മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിറ്റ, മുൻ പൊലീസ് ഉദ്യോഗസ്ഥനും ദേശീയ വെറ്ററൻസ് ഗോൾഡ് മെഡൽ ജേതാവുമായ കെ.പി.മോഹനൻ തുടങ്ങിയവർ ഹാരം അണിയിച്ചു. നാട്ടുകാർ പൂക്കളും സമ്മാനങ്ങളും നൽകി അഭിനന്ദിച്ചു.

നീന്തലിന് പുറമേ നൃത്തം, യോഗ, കരാട്ടെ, സ്കേറ്റിംഗ് എന്നിവയിലും ഈ അഞ്ച് വയസുകാരി മികവ് തെളിയിച്ചിട്ടുണ്ട്.

Advertisement
Advertisement