മമ്മൂട്ടിയുടെ ഓട്ടോഗ്രാഫ് വിടപറയാതെ ഇന്നും

Saturday 10 February 2024 1:17 AM IST

കൊച്ചി: ''വിടപറയുവാൻ ഗദ്ഗദപ്പെടുന്ന എന്റെ കണ്ഠനാളത്തിന് ആശ്വാസത്തിന്റെ ലൂബ്രിഗന്റാണ് ശശീന്ദ്രാ, തന്നെക്കുറിച്ചുള്ള സ്മരണകൾ..."" അതുല്യ കഥാപാത്രങ്ങൾക്കൊപ്പം മാസ് ഡയലോഗുമായി മലയാളക്കരയുടെ മനം കവർന്ന നടൻ മമ്മൂട്ടിയുടെ കലാലയകാലത്തെ സൃഷ്ടിയാണ് ഈ വാക്കുകൾ. അരനൂറ്റാണ്ട് മുമ്പ് എറണാകുളം മഹാരാജാസ് കോളേജിലെ ബി.എ ബാച്ചിന്റെ വിടവാങ്ങൽ വേളയിൽ പ്രിയപ്പെട്ട സതീർത്ഥ്യന്റെ നോട്ടുബുക്കിൽ എഴുതിയ സ്നേഹവചസുകൾ.

നവമാദ്ധ്യമങ്ങളുടെ കടന്നുവരവിൽ ഓട്ടോഗ്രാഫിന്റെ പ്രാധാന്യം നഷ്ടമായെങ്കിലും 1972ലെ നോട്ട്ബുക്ക് നിധിപോലെ സൂക്ഷിക്കുകയാണ് പൊന്നുരുന്നി സ്വദേശി അഡ്വ. എം.കെ. ശശീന്ദ്രൻ. അന്നത്തെ കൂട്ടുകാരൻ വൈക്കം ചെമ്പിലെ ക്രാംപള്ളി വീട്ടിൽ (പാണപറമ്പിൽ) പി.ഐ. മുഹമ്മദ്കുട്ടി ഭാവിയിലൊരു മെഗാസ്റ്റാർ ആകുമെന്ന് കരുതി സൂക്ഷിച്ചതല്ല. വിദ്യാർത്ഥി ജീവിതത്തിന്റെ ഗതകാലസ്മരണകൾ അയവിറക്കാൻ കാത്തുസൂക്ഷിച്ച കുറിപ്പുകളുടെ കൂട്ടത്തിൽ യാദൃച്ഛികമായി മമ്മൂട്ടിയും ഉൾപ്പെട്ടതാണ്. ആദം അയൂബ് ഉൾപ്പെടെ നിരവധി സുഹൃത്തുക്കളുടെ കുറിപ്പുമുണ്ട്.

മനോഹരമായ ഓട്ടോഗ്രാഫ് വാങ്ങാൻ കിട്ടുമായിരുന്നെങ്കിലും കൂട്ടുകാരുടെ ഓർമ്മകൾ സൂക്ഷിക്കാൻ ഒരു നോട്ടുബുക്ക് മതിയെന്നായിരുന്നു ശശീന്ദ്രന്റെ തീരുമാനം. അതിലെ കുറിപ്പുകൾ കോപ്പിയെടുത്ത് അത് എഴുതിയവർക്ക് അയച്ചുകൊടുക്കുന്നതാണ് ശശീന്ദ്രന്റെ കൗതുകം.

 മമ്മൂട്ടിയും ശശീന്ദ്രനും

മഹാരാജാസ് കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾ ശശീന്ദ്രനേക്കാൾ ഒരു വർഷം ജൂനിയറായിരുന്നു മമ്മൂട്ടി. മമ്മൂട്ടി ബി.എ കഴിഞ്ഞ് ലാ കോളേജിൽ ചേർന്നു. ശശീന്ദ്രൻ പി.ജി കഴിഞ്ഞ് ലാകോളേജിൽ എത്തിയപ്പോൾ മമ്മൂട്ടി അവിടെ ഒരുവർഷം സീനിയറുമായി.

 അഡ്വ. എം.കെ. ശശീന്ദ്രൻ

കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശശീന്ദ്രന് സാഹിത്യമേഖലയിലാണ് കൂടുതൽ ശ്രദ്ധ. ഇനിശാന്തം, നൂറുമേനി എന്നീ നോവലുകളും കാസർകോട് ഡയറി, വൈറ്റില ഡയറി എന്നീ പ്രാദേശിക ചരിത്രങ്ങളും ഗുരുദേവന്റെ തുളുനാടൻ പര്യടനം, ഞാൻ കണ്ട ബ്രിട്ടൺ എന്നീ സഞ്ചാരസാഹിത്യങ്ങളും എം.കെ. രാഘവൻ വക്കീൽ, കെ.കെ. വിശ്വനാഥൻ വക്കീൽ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രൊഫ.എം.കെ. സാനു എന്നിവരുടെ ജീവചരിത്രങ്ങളും എഴുതിയിട്ടുണ്ട്.