ശാസ്ത്ര സാഹിത്യ അവാർഡ് പി.സുരേഷ് ബാബു ഏറ്റുവാങ്ങി
കാസർകോട്: 2022-ലെ കേരള ശാസ്ത്ര, ശാസ്ത്ര സാഹിത്യ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) പുരസ്‌കാരത്തിന് അർഹനായ കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ പി.സുരേഷ് ബാബു മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 'ശാസ്ത്രത്തിന്റെ ഉദയം" എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.
36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു വിതരണം.
യുവശാസ്ത്രജ്ഞർക്കുള്ള മുഖ്യമന്ത്രിയുടെ ഗോൾഡ് മെഡൽ അവാർഡ് ഐ.സി. എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, കൊച്ചി എൻജിനിയറിംഗ് സെക്ഷൻ ശാസ്ത്രജ്ഞൻ ഡോ.എസ്.മുരളിയും എൻ.ഐ.ഐ.എസ്.ടി മൈക്രോ ബയൽ പ്രോസസ്സ് ആൻഡ് ടെക്നോളജി ഡിവിഷൻ ശാസ്ത്രജ്ഞൻ ഡോ.ഹർഷ ബജാജിന് വേണ്ടി ഡോ.കെ.ആർ.മഹേന്ദ്രനും ഏറ്റുവാങ്ങി. കേരള ശാസ്ത്രപുരസ്‌കാരത്തിന് അഗ്രോഫോറസ്ട്രിയുടെ പിതാവും ഫ്ളോറിഡ സർവകലാശാലയിലെ ഡിസ്റ്റിംഗിഷ്ഡ് പ്രൊഫസറുമായ പ്രൊഫ.പി.കെ. രാമചന്ദ്രൻ നായർ അർഹനായി. അദ്ദേഹത്തിനു വേണ്ടി കേരള വന ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ് പുരസ്‌കാരം സ്വീകരിച്ചു. ഗവേഷണസ്ഥാപനങ്ങളിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനുള്ള അവാർഡ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗവേഷണ സ്ഥാപനമായ ജല വിഭവ വികസന വിനിയോഗ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.യു.സുരേന്ദ്രൻ ഏറ്റുവാങ്ങി. ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2022 ലെ അവാർഡ് സാഗാ ജെയിംസ് ഏറ്റുവാങ്ങി. ശാസ്ത്ര മധുരം എന്ന കൃതിക്കാണ് അവാർഡ്. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ.ബി.ഇക്ബാൽ ഏറ്റുവാങ്ങി. മഹാമാരികൾ പ്ലേഗ് മുതൽ കൊവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം' എന്ന കൃതിക്കാണ് അവാർഡ്. ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് സി.എം.മുരളിധരൻ, ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള 2022ലെ പുരസ്‌കാരത്തിന് സീമ ശ്രീലയം എന്നിവരും അർഹരായി.