അയോദ്ധ്യ: ആസ്താ ട്രെയിൻ പുറപ്പെട്ടു ; 972യാത്രക്കാർ
തിരുവനന്തപുരം:രാംലല്ല പ്രതിഷ്ഠ നടത്തിയ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്നുള്ള സ്പെഷ്യൽ സർവ്വീസുകൾ ഇന്നലെ ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്തിന് പുറപ്പെട്ട ട്രെയിൻ മുൻ റെയിൽവേ മന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ഒ.രാജഗോപാൽ ഫ്ളാഗ് ഓഫ് ചെയ്തു.
20 സ്ളീപ്പർ കോച്ചുകളിലായി 972 പേരാണ് അയോദ്ധ്യയിലെ രാംലല്ലയിലേക്ക് പുറപ്പെട്ടത്. ട്രെയിനിന് വിവിധ സ്റ്റേഷൽനുകളിൽ ബിജെപി സ്വീകരണം നൽകും. 12ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോദ്ധ്യയിലെത്തും. 13ന് പുലർച്ചെ 12.20ന് അയോദ്ധ്യയിൽ നിന്ന് തിരിക്കും. 15ന് രാത്രി 10.45 ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 3,300 രൂപയാണ്.
കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ട് ട്രെയിൻ ഉണ്ടാരിരുന്നില്ല.ഗോരഖ്പൂർ വരെ ട്രെയിനിൽ പോയി അവിടെ നിന്ന് കണക്ഷൻ ട്രെയിനോ,അല്ലെങ്കിൽ റോഡ് മാർഗ്ഗമോ പോകാൻ കഴിയൂ.രാമക്ഷേത്രം തുറന്നതോടെ ബി.ജെ.പിയുടെ ഇടപെടലിലാണ് കേരളത്തിൽ നിന്ന് 24 ട്രെയിനുകൾ സർവ്വീസ് നടത്താൻ തീരുമാനിച്ചത്. സ്വകാര്യട്രെയിൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സർവ്വീസ് അതുകൊണ്ട് റെയിൽവേയുടെ ഔദ്യോഗിക ഇടപെടൽ ഉണ്ടാവില്ല. സ്വകാര്യട്രസ്റ്റാണ് ട്രെയിൻ സർവ്വീസ് കൈകാര്യം ചെയ്യുക. റെയിൽവേയ്ക്ക് ട്രാക്ക് ഉപയോഗിക്കുന്നതിനും ട്രെയിൻ ബോഗി ഉപയോഗിക്കുന്നതിനും ഫീസ് നൽകണം.
ആധാർ നമ്പരും രജിസ്റ്റർ നമ്പറും ഉൾപ്പെടുന്ന പ്രത്യേക ഐഡി കാർഡ് യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ അയോദ്ധ്യയിലൊരുക്കിയിട്ടുണ്ട്.ട്രെയിനിലെ ഭക്ഷണ ചെലവ് വഹിക്കേണ്ടി വരും.