കൊല്ലത്ത് കെഎസ്‌ആർടിസി കണ്ടക്‌ടറും ഭാര്യയും രണ്ടിടങ്ങളിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

Saturday 10 February 2024 9:32 AM IST

കൊല്ലം: ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ രണ്ടിടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആവണീശ്വരത്താണ് സംഭവം. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. കടബാദ്ധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ താമസിക്കുന്ന 38 വയസുള്ള രാജി ഇന്നലെ രാത്രി പത്തരയ്ക്ക് മിനി ബസിനുമുന്നിൽ ചാടിയാണ് മരിച്ചത്. ആവണീശ്വരം റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. കാണാതായ വിജേഷിനായി തിരച്ചിൽ നടക്കുന്നതിനിടെ തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തി.

വിളക്കുടി ആയിരവല്ലി പാറയ്ക്ക് സമീപം ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു. സാമ്പത്തികബാദ്ധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടിൽ നിന്ന് പൊലീസിന് കിട്ടി. വിജേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് വസ്തുപ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. ഇവർക്ക് പത്ത് വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്.