കാടിറക്കം
Sunday 11 February 2024 3:18 AM IST
കാട് തെറ്റിത്തെറ്റി
നാട് ചുറ്റിച്ചുറ്റി നാട്ടു കൂവൽ ഭയന്ന് കാട് കേറും വഴി മറന്നു.
കാടുണങ്ങിപ്പോയി നാവുണങ്ങിപ്പോയി തണ്ണീർ തേടിത്തേടി കൊമ്പനേകനായി.
പശിയടക്കാനിളം നാമ്പൊടുച്ചി തിന്നു പൂഴി മണ്ണുകോരിയവൻ തേവിത്തേവി നിന്നു.
ആനയല്ലേ ഭീമനല്ലേ ആളുകൾ ഭയന്നിടില്ലേ കാട്ടുപുൽച്ചോട്ടിലെ തീ പടരും ഭീതിയായി.
നേരമങ്ങിരുണ്ടു കൂടി നാട്ടനക്കം ഭീതി കൂട്ടി മേലുദീനമാരറിഞ്ഞു നാലുതൂണുമുറച്ചു പോയി.
ലാക്കു നോക്കി വന്നവർ സൂചിമുനയെയ്യവെ നോവറിഞ്ഞു പൃഷ്ഠം പായുവാനാവതില്ല.
കുങ്കികളുന്തിയുന്തി നാടുവിട്ട് കാടു കേറി കാട്ടുചോല കാൺകെ കൊമ്പനോ ചരിഞ്ഞു.