'ആണും പെണ്ണും ഇവിടെ വന്നിരുന്ന് വേണ്ടാത്ത പ്രക്രിയകൾ കാണിക്കുകയാണ്, അത്രയ്ക്കും വൃത്തികേടാണ്'; ചൂലെടുത്ത ബിജെപി പ്രവർത്തകർ

Saturday 10 February 2024 4:56 PM IST

കോഴിക്കോട്: കോന്നാട് ബീച്ചിൽ എത്തിയ കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി, മഹിള മോർച്ച പ്രവർത്തകർ. ബീച്ചിലെത്തുന്ന ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും മോശം പ്രവർത്തി കാരണമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. ആണും പെണ്ണും ഇവിടെ വന്നിരുന്ന് വേണ്ടാത്ത പ്രക്രിയകൾ കാണിക്കുകയാണ്. ഇത് പുരുഷന്മാർ ചോദ്യം ചെയ്താൽ അവർക്കെതിരെ കേസെടുക്കുകയാണ്. അതുകൊണ്ടാണ് തങ്ങൾ സ്ത്രീകൾ ഇറങ്ങി പ്രതിഷേധിച്ചതെന്ന് അവർ പറഞ്ഞു.

'ഈ അടുത്ത് ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ പ്രതികരിച്ച ആണുങ്ങൾക്ക് 3000 രൂപയാണ് പൊലീസ് പിഴയിട്ടത്. പിന്നെ എങ്ങനെ ഞങ്ങളുടെ ആണുങ്ങൾക്ക് ഇതിനെതിരെ പ്രതികരിക്കാൻ പറ്റും. കഞ്ചാവും, എംഡിഎംഎ, ബ്രൗൺ ഷുഗർ എന്നിവയുമായാണ് ഇവർ ഇവിടെ എത്തുന്നത്. ഇതൊക്കെ ഇല്ലാതെ അവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ. അത്രയും വൃത്തികേടാണ് കുട്ടികൾ ഇവിടെ വന്ന് കാണിക്കുന്നത്'.

'ഇതൊക്കെ കണ്ടാൽ നമുക്ക് തന്നെ സങ്കടം വരും, അയ്യോ നമ്മുടെ കുട്ടികളെ പോലുള്ള മക്കളാണല്ലോ എന്നുള്ള വിഷമമാണ്. ആ വിഷമം കൊണ്ടാണ് ഞങ്ങൾ പ്രതിഷേധവുമായി ഇറങ്ങുന്നത്. ഞങ്ങൾ ഈ തീരദേശത്തുള്ളവർ ഒന്ന് രണ്ട് സെന്റിൽ താമസിക്കുന്നവരാണ്. ഞങ്ങളുടെ കുട്ടികളൊക്കെ അവിടെ പോയാണ് കളിക്കുന്നത്. കുടുംബവുമായി അവിടെ പോയാണ് കുറച്ച് കാറ്റൊക്കെ കൊള്ളുന്നത്. ആ സ്ഥലത്ത് വച്ചാണ് ഈ കുട്ടികൾ ഈ രീതിയിലുള്ള പെരുമാറ്റം നടത്തുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പ്രതികരിച്ചത്'.

'കുട്ടികൾ വന്നോട്ടെ, അവർ വന്നിരുന്നോട്ടേ, പക്ഷേ, വൃത്തികേട് എന്തിനാണ് ഇവിടെ കാണിക്കുന്നത്. ഞങ്ങളുടെ മക്കൾ ഇതൊക്കെ കണ്ടാണ് വളരുന്നത്. ഞങ്ങൾ പ്രതികരിക്കാൻ വൈകിപ്പോയി. പൊള്ളുന്ന വെയിലത്താണ് ഞങ്ങൾ ഇറങ്ങി പ്രതിഷേധിച്ചത്. ഇവിടെയുള്ള കുറ്റിക്കാട്ടിലൊക്കെ വന്നിരുന്ന് കഞ്ചാവും മറ്റ് സാധനങ്ങളൊക്കെ വലിക്കുകയാണ്. ആ കുറ്റിക്കാട് ഞങ്ങൾ വെട്ടി നിരപ്പാക്കി. മീഡിയക്കാർ വിളിക്കുമ്പോൾ സരോവരത്തുള്ള പോലെയാണോ ചേച്ചീ എന്നാണ് ചോദിക്കാറുള്ളത്. അവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. കണ്ടപ്പോഴാണ് ഞങ്ങൾ അറിയുന്നത്, ഇതാണ് സരോവരം എന്നത്'- മഹിള മോർച്ച പ്രവർത്തകർ പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് കോന്നാട് ബീച്ചിൽ ബിജെപി-മഹിളാ മോർച്ച പ്രവർത്തകർ ചൂലുമായെത്തി യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയത്. സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ചാണ് മഹിള മോർച്ച കമിതാക്കളെ ഉൾപ്പെടെ അവിടെ നിന്ന് പറഞ്ഞയച്ചത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബിജെപി മഹിളാ മോർച്ച പറഞ്ഞിരുന്നു.