തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുകളല്ല ജനങ്ങളാണ് പാർട്ടിയുടെ അവകാശികൾ: മന്ത്രി എ.കെ. ശശീന്ദ്രൻ

Sunday 11 February 2024 12:41 AM IST
SASEENDRAN

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിൽ നിന്നിറങ്ങുന്ന ഉത്തരവുകളല്ല രാജ്യത്തെ ജനങ്ങളാണ് പാർട്ടിയുടെ യഥാർത്ഥ അവകാശികളെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരേ എൻ.സി.പി.(എസ്) സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിനു കീഴിലുള്ള വെറുമൊരു ഓഫീസ് മാത്രമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അധ:പതിച്ചതിന്റെ തെളിവാണ് എൻ.സി.പി.യുമായി ബന്ധപ്പെട്ട ഉത്തരവ്. കേന്ദ്രത്തിനൊപ്പം നിൽക്കുന്നവരാണ് യഥാർത്ഥ എൻ.സി.പി. എന്നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ പറഞ്ഞത്. പുരോഗമന ജനാധിപത്യ, മതേതര ഐക്യത്തിന്റെ പതാകയാണ് തങ്ങൾ പയോഗിക്കുന്നത്. ആ പതാക ഉപയോഗിച്ചുതന്നെ പോരാട്ടം തുടരും. തിരഞ്ഞെടുപ്പ് കമ്മിഷന് പേരിലും ചിഹ്നത്തിലും മാത്രമേ ഇടപെടാൻ കഴിയുകയൂള്ളൂ. ബി.ജെ.പി.യുമായി അധികാരം പങ്കിടുന്ന ഒരു കക്ഷിക്കും എൽ.ഡി.എഫിൽ സ്ഥാനമുണ്ടാവില്ലെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കിയതാണ്. ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയപോരാട്ടം നയിക്കാനുള്ള രാഷ്ട്രീയബാദ്ധ്യത കോൺഗ്രസിനുണ്ട്. ആ യാഥാർത്ഥ്യം തങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ ആ പാർട്ടി അതിന്റെ ഗൗരവം മനസിലാക്കിയാണോ പ്രവർത്തിക്കുന്നതെന്ന് സംശയമുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ആലീസ് മാത്യു, എം. ആലിക്കോയ, ടി.എൻ. ശിവശങ്കരൻ, പി.കെ.എം. ബാലകൃഷ്ണൻ, എം.പി. സൂര്യനാരായണൻ, പി.ആർ. സുനിൽസിങ്ങ്, കെ.ടി.എം. കോയ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement