കുർബാന നടക്കുന്നതിനിടെ പള്ളിയിൽ കുഴഞ്ഞുവീണു; കോട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Sunday 11 February 2024 12:37 PM IST
കോട്ടയം: കുർബാനയ്ക്കിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിന്റെ മകൻ മിലൻ പോൾ (16) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇടവകയിലെ ആൾത്താര ബാലനായിരുന്നു.
കുർബാന നടക്കുന്നതിനിടെ പെട്ടെന്ന് മിലൻ കുഴഞ്ഞുവീഴുകയായിരുന്നു. ആളുകൾ ഓടി എത്തുമ്പോൾ വായിൽ നിന്ന് നുരയും പതയും വരുന്ന നിലയിലായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു മിലൻ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.