ഓപ്പറേഷൻ മഗ്ന; ആനയുടെ സിഗ്നൽ കിട്ടി, നാല് കുങ്കിയാനങ്ങളെ ബാവലിയിൽ എത്തിച്ചു

Sunday 11 February 2024 12:47 PM IST

വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്നയുടെ സിഗ്നൽ കിട്ടി. കാട്ടിക്കുളം ബാവലി പാതയിലെ ആനപ്പാറവളവിൽനിന്നാണ് സിഗ്നൽ കിട്ടിയത്. പിടികൂടാൻ ദൗത്യസംഘം സജ്ജമാണ്. നാല് കുങ്കിയാനങ്ങളെ ബാവലിയിൽ എത്തിച്ചിട്ടുണ്ട്. ട്രാക്കിംഗ് ടീം കാട്ടിൽ കയറി. ദൗത്യത്തിന് അഞ്ച് ഡിഎഫ്ഒമാർ എത്തി. നാല് വെറ്റിനറി ഓഫീസർമാരും ഇവർക്കൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കർണാടക വനം വകുപ്പ് കഴിഞ്ഞ നവംബർ 30ന് റേഡിയോ കോളർ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ബേലൂർ മഗ്ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം കർഷകനായ അജീഷിന്റെ ജീവനെടുത്തത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആന കേരള അതിർത്തിയിൽ പ്രവേശിച്ചിരുന്നു. മൂന്നു മണിയോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി. രാവിലെ ഏഴു മണി കഴിഞ്ഞ് ജോലിക്കാരെ വിളിക്കാൻ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്.

ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടർന്നതോടെ സുഹൃത്ത് കണ്ടത്തിൽ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു.ഓടാൻ ശ്രമിക്കവേ, നിലത്തുവീണ അജീഷിനെഗേറ്റ് തകർത്തു കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി അരയ്ക്കുകയായിരുന്നു.

Advertisement
Advertisement