അന്ന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് പറഞ്ഞവർ ഇന്ന് മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കുന്നു,​ വീണാ വിജയൻ ഏത് പാർട്ടി ഘടകത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വി മുരളീധരൻ

Sunday 11 February 2024 8:12 PM IST

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കോടതിയിൽ പോകുന്നതിന് പകരം അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കമ്പനികൾ തമ്മിലുള്ള കരാറാണെങ്കിൽ വാങ്ങിയവർക്കും കൊടുത്തവർക്കും മറുപടി വേണം. അത് ഉണ്ടാകാത്തതിനാലാണ് എസ്.എഫ്.ഐ.ഒ നോട്ടീസ് കൊടുത്തതെന്നും വി.മുരളീധരൻ പറഞ്ഞു.

വിഷയത്തെ സി.പി.എം ന്യായീകരിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ ഏത് പാർട്ടിഘടകത്തിൽ പ്രവർ‌ത്തിക്കുന്നത് കൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായി ആരോപണം വന്നപ്പോൾ സ്വീകരിച്ച സമീപനമല്ല സി.പി.എമ്മിന് വീണാ വിജയന്റെ കാര്യത്തിൽ. അന്ന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാൻ നടക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയെ ന്യായീകരിച്ച് സി.പി.എം രേഖ പുറത്തിറങ്ങിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്ഫെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തപ്പോൾ പാർട്ടി ഇത്തരത്തിൽ വിശദീകരണം നടത്തിയിരുന്നില്ല. കേസ് കേസിന്റെ വഴിക്ക് പോകുമെന്നായിരുന്നു വിശദീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്‌ഘടകങ്ങൾക്ക് നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിക്കുന്നത്.