നാളെ ഡൽഹി ചലോ മാർച്ച്, 20,​000 കർഷകർ,​ 2000 ട്രാക്‌ട‌ർ, നിരോധനാജ്ഞ, കനത്ത ജാഗ്രത

Monday 12 February 2024 12:00 AM IST
ട്രാക്ടറകൾ തടയാൻ പഞ്ചാബ് - ഹരിയാന അതിർത്തിയിൽ കോൺക്രീറ്ര് ബാരിക്കേഡുകൾ നിരത്തിയപ്പോൾ

കേന്ദ്രം ഇന്ന് വീണ്ടും ചർച്ച നടത്തും

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കേന്ദ്ര സർക്കാരിനെ വീണ്ടും മുൾമുനയിലാക്കി ഡൽഹിയിൽ നാളെ കർഷക പ്രതിഷേധം ഇരമ്പും. മൂന്നു വർഷം മുമ്പ് നടന്ന ഐതിഹാസിക പ്രക്ഷോഭത്തിന്റെ ആവർത്തനം പോലെ ഡൽഹി ചലോ മാർച്ചിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ട്രാക്ടറുകളുമായി കർഷകർ നീങ്ങിത്തുടങ്ങി. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപതിനായിരം കർഷകരെങ്കിലും ഡൽഹിയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ കാറിലും ബൈക്കിലും ബസിലും മെട്രോ ട്രെയിനുകളിലും എത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി,​ ആഭ്യന്തര മന്ത്രി അമിത് ഷാ,​ കൃഷി മന്ത്രി അർജുൻ മുണ്ട എന്നിവരുടെയും സീനിയർ ബി.ജെ.പി നേതാക്കളുടെയും വസതികൾ കർഷകർ വളയാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി ഇരുനൂറോളം കർഷക സംഘടനകളാണ് പിന്നിൽ.

പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം അന്ന് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് ആവശ്യം. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ കർഷക നേതാക്കളുമായി ചണ്ഡിഗറിൽ എട്ടിന് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രിമാരുടെ ചർച്ച ഇന്നും തുടരും.

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ കൂട്ടമായി ട്രാക്ടറുകളിൽ എത്തി അതിർത്തികളിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. നാൽപ്പതു തവണ മാർച്ചിന്റെ റിഹേഴ്സലുകൾ നടന്നു. ഹരിയാനയിൽ പത്തും, പഞ്ചാബിൽ മുപ്പതും. നൂറിലേറെ യോഗങ്ങളിലാണ് ഒരുക്കങ്ങൾ തീരുമാനിച്ചത്.

 ഡൽഹി അതിർത്തിയിൽ ജാഗ്രത

ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയിലും സമീപമേഖലകളിലും നിരോധനാജ്ഞ. ജനങ്ങൾ കൂട്ടംകൂടുന്നതും, ട്രാക്ടറുകളും സമരക്കാരുടെ വാഹനങ്ങളും വിലക്കി. ആയുധങ്ങളും വടികളും നിരോധിച്ചു. സാമൂഹ്യവിരുദ്ധർ മാർച്ചിൽ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

2020- 21ൽ കർഷക സമരം നടന്ന സിംഗു, തിക്രി, ഗാസിപൂർ മേഖലകളിൽ വൻ സുരക്ഷാ സന്നാഹമുണ്ട്. ട്രാക്ടറുകൾ തടയാൻ കോൺക്രീറ്റ് ബാരിക്കേഡുകളും ക്രെയിനുകളും കണ്ടെയിനറുകളും റോഡുകളിൽ സ്ഥാപിച്ചു. ജലപീരങ്കികൾ എത്തിച്ചു. ഹരിയാനയിൽ അംബാല, കുരുക്ഷേത്ര തുടങ്ങി ഏഴ് ജില്ലകളിൽ ഇന്റർനെറ്റും കൂട്ട എസ്.എം.എസും നിരോധിച്ചു. 50 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു.

 കർഷകരുടെ ആവശ്യങ്ങൾ

1. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം

2. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം

3. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ

4. കാർഷിക കടം എഴുതിത്തള്ളണം

5. കർഷക സമരത്തിന്റെ കേസുകൾ പിൻവലിക്കണം

6. ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലപാതകത്തിലെ ഇരകൾക്ക് നീതി

Advertisement
Advertisement