വന്യജീവി പ്രശ്നം നേരിടാൻ അന്തർ സംസ്ഥാന കമ്മിറ്റി,​ വയനാട്ടിൽ  3 വനം ഡിവിഷൻ ക്രോഡീകരിച്ച് സ്പെഷ്യൽ സെന്റർ

Monday 12 February 2024 12:48 AM IST

തൃശൂർ: വനം -വന്യജീവി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുണ്ടാകുന്ന വിഷയങ്ങൾ പരിഹരിക്കാൻ അന്തർ സംസ്ഥാന കോ - ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറയിച്ചു.

കർണാടകയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയ്ക്കകം യോഗം ചേരും. പരസ്പര ധാരണയോടെ പ്രവർത്തിക്കാൻ നടപടി ആലോചിക്കും. മാനന്തവാടിയിൽ കാട്ടാന കർഷകനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ തൃശൂർ പൊലീസ് അക്കാഡമിയിൽ വനംവകുപ്പിന്റെ ഉന്നതതലയോഗം അടിയന്തരമായി ചേർന്നാണ് തീരുമാനമെടുത്തത്.

വയനാട്ടിൽ നിലവിലുള്ള മൂന്ന് വനം ഡിവിഷനുകൾ ക്രോഡീകരിച്ച് സ്‌പെഷ്യൽ സെന്റർ രൂപീകരിച്ച് ചുമതല നിശ്ചയിക്കും. വയനാട്ടിൽ ഇപ്പോഴുള്ള ഒരു റാപിഡ് റെസ്‌പോൺസ് ടീമിന് (ആർ.ആർ.ടി) പുറമേ രണ്ട് ആർ.ആർ.ടികൾ കൂടി രൂപീകരിക്കും. പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ 170 പേരെ വയനാട്ടിൽ വിന്യസിക്കും.

ഒന്നരക്കോടിയുടെ

പ്രതിരോധ പ്രവർത്തനം

വയനാട്ടിലെ ജനപ്രതിനിധികളുമായി ഒരാഴ്ച മുൻപ് ആശയവിനിമയം നടത്തി ഒന്നരക്കോടി രൂപ ചെലവാകുന്ന പ്രതിരോധ പ്രവൃത്തികൾ ആവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. കൂടുതൽ ആർ.ആർ.ടികളും ആവശ്യമായ ഉപകരണങ്ങളും ഇതിലുണ്ട്. സോളാർ ഹാംഗിംഗ്, റെയിൽവേ ഫെൻസിംഗ്, ആന മതിലുകൾ, കിടങ്ങുകൾ തുടങ്ങിയവ സജ്ജമാക്കുന്നുണ്ട്.

ഇതൊക്കെ ചെയ്താലും മറ്റ് വഴികൾ കണ്ടുപിടിച്ച് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുകയാണ്. കാട്ടിനുള്ളിൽ അവയ്ക്ക് ഭൗതിക സാഹചര്യം ഒരുക്കുകയെന്നതാണ് ശാശ്വത പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കെ.രാധാകൃഷ്ണൻ, വനം മേധാവി ഗംഗാ സിംഗ് എന്നിവരും പങ്കെടുത്തു.

Advertisement
Advertisement