കൊന്ന് കൊല വിളിച്ച് കാട്ടാന വയനാട്ടിൽ; സർക്കാരിനെതിരെ സഭയിൽ രോക്ഷാഗ്നി പടർത്താൻ നീക്കം

Monday 12 February 2024 12:50 AM IST

തിരുവനന്തപുരം: വയനാട്ടിലെ പടമലയിൽ കാട്ടാന മനുഷ്യ ജീവനെടുത്ത സംഭവത്തിൽ വനം വകുപ്പിനെ പ്രതി സ്ഥാനത്ത് നിറുത്തി പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ആഞ്ഞടിക്കും. പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തരപ്രമേയത്തിനു മറുപടിയായി ,കർണ്ണാടക സർക്കാരിന്റെ നടപടികളെ വിമർശിച്ചും സംസ്ഥാന സർക്കാരിന്റെ നടപടികൾ നിരത്തിയും പ്രതിരോധിക്കാനാകും മന്ത്രി എ.കെ.ശശീന്ദ്രൻ ശ്രമിക്കുക. . ടി.സിദ്ദിഖ് അടിയന്തരപ്രമേയം അവതരിപ്പിക്കും.

കർണ്ണാടക സർക്കാർ അടുത്ത കാലത്ത് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ ഉപേക്ഷിച്ച രണ്ട് ആനകളും കേരളത്തിൽ എത്തിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആദ്യത്തേത് തണ്ണീർ കൊമ്പനും രണ്ടാമത്തേത് അജീഷിന്റെ ജീവനെടുത്ത മോഴയാനയുമാണ്. വനത്തിലെ ആനകളുടെ കണക്കും മന്ത്രി വിശദീകരിക്കും. കാട്ടാനശല്യം പരിഹരിക്കാൻ കർണ്ണാടക സർക്കാരുമായി ചേർന്ന് സംസ്ഥാനാന്തര കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്ന കാര്യവും അറിയിക്കും.

വയനാട്ടിലെ മൂന്നു വനം ഡിവിഷനുകൾ ഉൾപ്പെടുത്തി സ്‌പെഷൽ സെൽ രൂപീകരിക്കും, പൊലീസ്, റവന്യു ഉദ്യോഗസ്ഥരുടെ ,സഹകരണത്തോടെ വനം വകുപ്പ് രണ്ടു സ്‌പെഷ്യൽ ആർ.ആർ.ടികൾ (റാപിഡ് റെസ്‌പോൺസ് ടീം) കൂടി വയനാട്ടിൽ രൂപീകരിക്കും. ഇന്നലെ രാവിലെ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയായി വനം വകുപ്പിൽ ചേർന്ന 500 ഗോത്രവർഗ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ 167 പേരെ വയനാട് ജില്ലയ്ക്കു മാത്രമായി നിയോഗിക്കും. മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ 15ന് യോഗം ചേരാനാണ് ഇന്നലെ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.