പ്രധാനമന്ത്രിയുടെ വിരുന്ന്: എൻ.കെ. പ്രേമചന്ദ്രന് കോൺഗ്രസ് പിന്തുണ

Monday 12 February 2024 12:17 AM IST

കണ്ണൂർ: പ്രധാനമന്ത്രിയുടെ വിരുന്നിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പോയതിൽ തെറ്റില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. പിണറായി വിജയനും പോയിട്ടില്ലേ? പ്രധാനമന്ത്രിക്കു മുന്നിൽ ഓച്ഛാനിച്ച് നിന്നിട്ടില്ലേ? അതേക്കുറിച്ച് മാദ്ധ്യമങ്ങൾ എന്തെങ്കിലും ചോദ്യം ചോദിക്കുമോയെന്ന് കെ. സുധാകരൻ ചോദിച്ചു. സമരാഗ്നിയുടെ ഭാഗമായി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

പിണറായിയെ രാഷ്ട്രീയമായി എതിർക്കുമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവും എം.എൽ.എമാരും പങ്കെടുക്കാറുണ്ട്. അതുപോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും ക്ഷണമുണ്ടായതെന്ന് വി.ഡി. സതീശൻ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് സി.പി.എം ഇത് വിവാദമാക്കിയത്. വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് തട്ടാൻ ബി.ജെ.പി കളിക്കുന്ന അതേ കളിയാണ് സി.പി.എമ്മും കളിക്കുന്നത്.പ്രേമചന്ദ്രൻ ഇന്ത്യയിലെ ഏറ്റവും മികച്ച പാർലമെന്റേറിയനും ജനങ്ങൾ ഇഷ്ടപ്പെടുന്ന ജനപ്രതിനിധിയുമാണ്. അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്ത് വിവാദമാണുള്ളത്? പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും പിണറായി വിജയൻ പോയതിലും ഒരു തെറ്റുമില്ല. പക്ഷേ, ആ നിൽപ് സഹിക്കാൻ പറ്റില്ലെന്നു മാത്രമേ തങ്ങൾ പറഞ്ഞിട്ടുള്ളൂ.

വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം

വന്യമൃഗശല്യം ദൈനംദിന പ്രശ്നമായി മാറിയിട്ടും ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥരോ സർക്കാരോ തയാറാകുന്നില്ല. മാനന്തവാടിയിൽ ആന ഇറങ്ങിയെന്ന വിവരം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. അയൽ സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് മുൻകൈയെടുക്കേണ്ടത് സർക്കാരാണ്. അല്ലാതെ കർണാടകത്തിൽ നിന്നും ആന ഇറങ്ങിയ കാര്യം സിദ്ധരാമയ്യ പിണറായിയെ വിളിച്ച് പറയണോ? ഒരു വിഷയത്തിലും വനം വകുപ്പ് മന്ത്രിക്ക് വ്യക്തതയില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.

Advertisement
Advertisement