ആളെക്കൊല്ലി വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാം,​ നിയമമുണ്ട് ആക്ഷേപം ഭയന്ന് നടപ്പാവുന്നില്ല

Monday 12 February 2024 12:19 AM IST

തിരുവനന്തപുരം: മനുഷ്യജീവനെടുക്കുന്ന അക്രമകാരികളായ വന്യജീവികളെ തത്സമയം വെടിവച്ചുകൊല്ലാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ആക്ഷേപം ഭയന്ന് ഉദ്യോഗസ്ഥർ അതിന് മുതിരാറില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1) എ അനുസരിച്ച് ആളെക്കൊല്ലികളായ വന്യജീവികളെ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകാം.

ഭീതിതമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെങ്കിൽ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടുകൂടിയായ സബ്കളക്ടർക്കും സി.ആർ.പി.സി 133 -1-എഫ് നിയമപ്രകാരം വെടിവയ്‌ക്കാൻ അനുമതി നൽകാം. അക്രമകാരിയായ വന്യമൃഗത്തിനെ വെടിവച്ചുകൊല്ലേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് കേന്ദ്ര വനം,​ വന്യജീവി മന്ത്രാലയത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പിന്നീട് കത്തുനൽകിയാൽ മതി. എന്നാൽ പലപ്പോഴും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരും ഭരണനേതൃത്വവും താത്പര്യം കാണിക്കാറില്ല. പലകോണുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്ഷേപങ്ങൾ ഭയന്നാണ് ഇതിന് മടിക്കാറുള്ളത്.


അക്രമകാരികളായ ആനകളെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് തിരികെ കാട്ടിലേക്ക് അയയ്ക്കാറുണ്ടെങ്കിലും അവയുടെ സഞ്ചാര പഥം സ്വന്തമായി നിരീക്ഷിക്കാനുള്ള സംവിധാനം വനം വകുപ്പിന് ഇല്ലാത്തതും പ്രതിസന്ധിയാണ്. റേഡിയോ കോളർ നൽകുന്ന സ്വകാര്യ ഏജൻസിക്ക്‌ മാത്രമാണ് ആനയെ ട്രാക്ക് ചെയ്യാനുള്ള സംവിധാനമുള്ളത്. അവരാണ് വനംവകുപ്പിനെ അറിയിക്കാറുള്ളത്.

Advertisement
Advertisement