മാരാമൺ കൺവെൻഷന് തുടക്കം, മതന്യൂനപക്ഷങ്ങൾ ആശങ്കയിൽ : തിയോഡോഷ്യസ് മെത്രാപ്പൊലീത്ത
മാരാമൺ : രാജ്യത്ത് മതന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണെന്ന് മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു. 129 -ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വപ്പെട്ടവർ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം. ജസ്റ്റീസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയിട്ടില്ല. ദളിത് ക്രൈസ്തവർക്ക് അർഹതപ്പെട്ട ആനുകൂല്യം ഉറപ്പാക്കാനും ഭരണാധികാരികൾ ശ്രദ്ധിക്കണം.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. ചെറുപ്പക്കാർ നാടു വിടുന്നതിന് പിന്നിലെ കാരണങ്ങൾ പലതാണ്. 2023ൽ 45133 പേരോളം ഉപരിപഠനത്തിനായി കേരളം വിട്ടു. ഇവരൊന്നും തിരികെ വരുമെന്നു തോന്നുന്നില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾ അതിരൂക്ഷമാണ്. ഇതു സാധാരണക്കാരായ വിദ്യാർത്ഥികളെ നിരാശയിലാക്കുന്നു. ഈ സ്ഥിതി മാറ്റാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.
എല്ലാ ഭരണ സംവിധാനങ്ങളും ഉണ്ടായിട്ടും മാനന്തവാടിയിൽ ഒരു മനുഷ്യജീവൻ കാട്ടാനയുടെ ആക്രമണത്തിൽ ഹോമിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. വനാതിർത്തിയിൽ താമസിക്കുന്ന കർഷകർ ഈ നാടിന്റെ ഭാഗമാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
മാർത്തോമ്മ സുവിശേഷ പ്രസംഗകസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഓൾഡ് കത്തോലിക്കാ സഭ ആർച്ച് ബിഷപ് റവ.ബർണാഡ് തിയഡോൾവാലറ്റ് ആശംസയർപ്പിച്ചു. സുവിശേഷ പ്രസംഗംസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വ സ്വാഗതം പറഞ്ഞു. സി.എസ്.ഐ ബിഷപ് ഡോ.സാബു കോശി ചെറിയാൻ മലയിൽ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ തുടങ്ങിയവർ പങ്കെടുത്തു.