തൃപ്പൂണിത്തുറയിൽ പടക്കം സംഭരിച്ചത് നിയമവിരുദ്ധമായാണെന്ന് കളക്ടർ; പൊലീസിന്റെ വിലക്കും ലംഘിച്ചു

Monday 12 February 2024 12:42 PM IST

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്ഫോടനത്തിന് കാരണമായ പടക്കം സംഭരിച്ചത് നിയമവിരുദ്ധമായാണെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. കരിമരുന്നിറക്കാൻ അപേക്ഷ പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെയാണ് പടക്കം സംഭരിച്ചതെന്നും വെടിക്കെട്ട് നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നും പൊലീസും അഗ്നിശമന സേനയും വ്യക്തമാക്കി.

ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സ്ഫോടനമുണ്ടായത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു അപകടത്തിൽ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവ‌രെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീപത്തെ 25 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്.

പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽ നിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന് അടിയിൽ ഇനിയും സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു കിലോമീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി. രണ്ട് വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടർന്നിരുന്നു.

Advertisement
Advertisement