റേഷൻ കടകളിൽ മോദിയുടെ പോസ്റ്ററും ബാനറുകളും വേണമെന്ന് കേന്ദ്രം; നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Monday 12 February 2024 1:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലൊരു നിർദേശം കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയോയെന്ന് നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രനിർദേശം ശരിയല്ലെന്നും നടപ്പിലാക്കാൻ പ്രയാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ കാലങ്ങളായി റേഷൻ സംവിധാനം നടപ്പിലാക്കി പോകുന്നു. ഇതുവരെയില്ലാത്ത ഒരു പരസ്യ പ്രചാരണ രീതിയാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണിതെന്ന് വ്യക്തമാണ്. ഇത്തരമൊരു നടപടി ശരിയല്ലെന്നും നടപ്പിലാക്കാൻ പ്രയാസമാണെന്നും സർക്കാർ കേന്ദ്രത്തെ അറിയിക്കും. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണോയെന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ 14,000ൽ അധികം പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാൻ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്കും (എഫ് സി ഐ) കേരള ഭക്ഷ്യ വകുപ്പിനുമാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നതെന്ന് സിവിൽ സപ്‌ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഐയുഎംഎൽ എം എൽ എ പി അബ്ദുൽ ഹമീദിന് മറുപടിയായി പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുത്ത 550 റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ കേന്ദ്ര സർക്കാരിന്റെ ലോഗോ പതിപ്പിച്ച ബാഗുകളിൽ നൽകാനും നിർദേശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എഫ് സി ഐ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി റേഷൻ സംവിധാനത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു.