"അത് പറയാൻ അനുമതിയില്ല", കുഴൽനാടന് മൈക്ക് വിലക്കി

Tuesday 13 February 2024 4:33 AM IST


# സ്പീക്കർ കാട്ടിയത് ഇരട്ടനീതിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: എഴുതികൊടുത്ത അഴിമതി ആരോപണം ബഡ്ജറ്റിന്റെ പൊതുചർച്ചയ്ക്കിടെ സഭയിൽ ഉന്നയിക്കാനുള്ള മാത്യുകുഴനാടന്റെ ശ്രമം സ്പീക്കർ തടഞ്ഞു . "അത് പറയാൻ അനുമതിയില്ല, അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്യൂ.." എന്ന് നിർദേശിച്ച് അതിവേഗം തടയുകയായിരുന്നു.

സ്പീക്കറുടെ നടപടി ഇരട്ടനീതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ഒരു തെളിവുമില്ലാതെ പി.വി.അൻവർ കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവിനെതിരെ 150കോടിയുടെ ആരോപണം ഉന്നയിച്ചപ്പോൾ മിണ്ടാതെ കേട്ടുകൊണ്ടിരുന്ന സ്പീക്കർ, തെളിവുസഹിതം മാത്യുകുഴൽനാടൻ നൽകിയ അപേക്ഷയിൽ അവസാനനിമിഷം അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പിന്നീട് സഭ വിട്ടിറങ്ങുകയും ചെയ്തു. മുഖ്യമന്ത്രി സഭയിൽ ഉണ്ടായിരുന്നില്ല.

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ലഭിച്ച പുതിയ തെളിവുകളാണ് ഉന്നയിക്കാൻ ശ്രമിച്ചതെന്ന് പിന്നീട് മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാത്യുകുഴൽനാടൻ പറഞ്ഞു. വ്യക്തമായ തെളിവുകൾ സഭയിൽ വെയ്ക്കാനാണ് ശ്രമിച്ചത്. സഭയിൽ വെയ്ക്കുക എന്നതിനർത്ഥം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നാണ്.അത് നിഷേധിച്ച സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ അനുവദിക്കാത്ത സാഹചര്യത്തിൽ സഭാ മന്ദിരത്തിലെ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചില്ല. സഭയ്ക്ക് പുറത്ത് പാർട്ടി അനുമതിയോടെ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്യു കുഴൽനാടൻ സംസാരിക്കുന്ന സമയമായപ്പോൾ ധൃതിപിടിച്ച് സ്പീക്കർ സഭയിലെത്തുകയായിരുന്നു. ചെയറിലുണ്ടായിരുന്ന എൻ.ഷംസുദ്ദീനെ മാറ്റി സഭയുടെ നിയന്ത്രണം ഏറ്റെടുത്തു. അനുമതി ചോദിച്ചപ്പോൾ ഒന്നും പറയാതിരുന്ന സ്പീക്കർ ഇപ്പോൾ ഇങ്ങനെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.സഭയുടെ അന്തസിന് ഹാനികരമായതും പൊതുതാൽപര്യത്തിന് അനുഗുണമല്ലാത്തതുമായ ആരോപണമെന്ന് ബോധ്യമുണ്ടെങ്കിൽ ചട്ടം 285 പ്രകാരം എഴുതിനൽകിയ ആരോപണം ഉന്നയിക്കുന്നത് നിഷേധിക്കാമെന്ന് സ്പീക്കർ എ.എൻ. ഷംസീർ ചൂണ്ടിക്കാട്ടി.മാത്യു കുഴൽനാടന് പ്രസംഗിക്കാൻ അനുവദിച്ച എട്ടു മിനിറ്റിൽ അഞ്ച് മിനിറ്റ് മാത്രമാണ് ഇന്നലെ നൽകിയത്. ഇതിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

Advertisement
Advertisement