ശബരിമല നട ഇന്ന് തുറക്കും

Tuesday 13 February 2024 4:18 AM IST

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപങ്ങൾ തെളിക്കും.
തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. ഇതിനുശേഷമേ ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കു. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ പുലർച്ചെ 4.30ന് പള്ളിയുണർത്തും. 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം. 5.30 മുതൽ 7വരെയും 9 മുതൽ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷപൂജ, തുടർന്ന് ഉദയാസ്തമയ 25കലശം, കളഭാഭിഷേകം, ഉച്ചപൂജ. ഒന്നിന് നടയടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ. രാത്രി 10ന് നടയടയ്ക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും. ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണ്. പമ്പയിൽ സ്‌പോട്ട് ബുക്ക് ചെയ്യാം.