റേഡിയോ മോഹൻ! എന്തു ചടങ്ങിനു വിളിച്ചാലും മോഹന്റെ സമ്മാനം റേഡിയോ

Tuesday 13 February 2024 12:00 AM IST

തിരുവനന്തപുരം: എഴുത്തുകാരനും പ്രസാധകനുമൊക്കെയായ നൂറനാട് മോഹനെ അടുത്ത പരിചയമുള്ളവരെല്ലാം വിളിക്കുന്നത് 'റേഡിയോ മോഹൻ' എന്നാണ്. വിവാഹം, പാലുകാച്ച്, പിറന്നാൾ എന്നിങ്ങനെ എന്തു ചടങ്ങിനു വിളിച്ചാലും മോഹന്റെ സമ്മാനം റേഡിയോ ആയിരിക്കും. എവിടെ പോയാലും മോഹന്റെ കൈയിൽ ഫിലിപ്സിന്റെ ചെറു റേഡിയോ കാണും.

നാട്ടിലാർക്കെങ്കിലും റേഡിയോ വേണമെങ്കിൽ മോഹനോടു പറഞ്ഞാൽ മതി. സാധനം വീട്ടിലെത്തും. തീർന്നില്ല, ഒറ്റപ്പെട്ട് കഴിയുന്നവർ, പ്രായമായവർ, വീട്ടമ്മമാർ എന്നിവർക്കെല്ലാം ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുത്തി റേഡിയോ ഇദ്ദേഹം എത്തിക്കും. എന്തായാലും മോഹന്റെ കൈയിൽ നിന്ന് റേഡിയോ വാങ്ങിയവരെല്ലാം പിന്നീട് പറ‌ഞ്ഞത് 'നന്ദി'

ഉൺമ പബ്ലിക്കേഷൻസ്, ഉൺമ മിനിമാസിക എന്നിവയുടെ ഉടമയായ മോഹൻ അച്ഛൻ ഭാസ്കരൻ നിധി പോലെ സൂക്ഷിച്ച മർഫി റേഡിയോ കേട്ടാണ് വളർന്നത്. 17-ാം വയസിൽ ആകാശവാണിയിലെ കുട്ടികളുടെ രശ്മി പരിപാടിയിലേക്ക് കഥ അയച്ചു. അത് പ്രക്ഷേപണം ചെയ്യുമെന്ന അറിയിപ്പ് വന്നപ്പോൾ അക്കാര്യം ആ ഗ്രാമത്തെ മുഴുവൻ അറിയിക്കാൻ മോഹൻ സൈക്കിൾ ആഞ്ഞു ചവിട്ടി. പിന്നെയും കഥകൾ ആകാശവാണിയിലേക്ക് അയച്ചു. ബാലരംഗത്തിലും രശ്മിയിലും അത് കേൾക്കുന്ന ദിവസം അറിയിക്കാൻ മോഹൻ പിന്നെയും സൈക്കിൾ ചവിട്ടി. അറിയാവുന്ന വിലാസത്തിലേക്കെല്ലാം അഞ്ചു പൈസ പോസ്റ്റ് കാർഡിൽ വിവരം അറിയിച്ചു. റേഡിയോ ഇല്ലാത്ത ബന്ധുക്കളെ വാങ്ങാൻ നിർബന്ധിച്ചു. പിന്നീട് യുവവാണിയിലും മോഹന്റെ കഥകൾ പ്രക്ഷേപണം ചെയ്തു. ഒരു കഥ കേട്ട് ഒരു ആസ്വാദകൻ മോഹന് കത്തെഴുതി. 'കഥ മനോഹരം... എന്റെ കൂടി അനുഭവമാണ് കഥയിലുള്ളത്' പെരുമ്പടവം ശ്രീധരനായിരുന്നു ആ ആസ്വാദകൻ. തനിക്കു കിട്ടിയ വിലയേറിയ പുരസ്കാരമായിരുന്നു ആ കത്തെന്ന് മോഹൻ. കവയിത്രിയും അടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമായ കണി​മോളാണ് മോഹന്റെ ഭാര്യ. ഇൻകംടാക്സ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥ് മോഹൻ, പാലക്കാട് മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥിനി സീതാ മോഹൻ എന്നിവരാണ് മക്കൾ.