മസാല ബോണ്ട് : ഐസക്ക് സഹകരിക്കുന്നില്ലെന്ന് ഇ.ഡി

Tuesday 13 February 2024 12:00 AM IST

കൊച്ചി: മസാല ബോണ്ട് കേസന്വേഷണവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. മസാല ബോണ്ട് കിഫ്ബി ബോർഡിന്റെ കൂട്ടായ തീരുമാന പ്രകാരമാണെന്നും കമ്പനിയുടെ രേഖകളാണ് പരിശോധിക്കേണ്ടതെന്നും ഇ.ഡി. സമൻസിനെതിരായ ഹർജിയിൽ ഐസക്കിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

ഇ.ഡിയുടെ എതിർസത്യവാങ്മൂലം ബെഞ്ചിൽ എത്തിയിരുന്നില്ല. ഇത് കണക്കിലെടുത്ത് തോമസ് ഐസക്കിന്റെ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് പരിഗണിക്കാൻ മാറ്റി. ഇ.ഡിയുടെ സമൻസിനെ ചോദ്യം ചെയ്ത് കിഫ്ബി നൽകി ഹർജി വെള്ളിയാഴ്ച പരിഗണിക്കാനും മാറ്റി.

മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ട് അനുവദിക്കുന്നതിൽ കിഫ്ബിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ, ജനറൽ കമ്മിറ്റി വൈസ് ചെയർമാൻ എന്നീ നിലകളിൽ തോമസ് ഐസക്കിന് വലിയ പങ്കുണ്ടായിരുന്നെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

മസാല ബോണ്ടിൽ ഫെമ ലംഘനം ആരോപിക്കുന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാതെ തോമസ് ഐസക് തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും അന്വേഷണം തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇ.ഡിയുടെ കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ സുരേന്ദ്ര ജി. കവിത്കർ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.