കെണിയിൽ വീണ് മുറിവേറ്റ മുള്ളൻപന്നിക്ക് ശസ്ത്രക്രിയ

Tuesday 13 February 2024 12:21 AM IST

കൊല്ലം: കെണിവച്ച കമ്പിവയറിൽ കുടുങ്ങി മുതുകിൽ ആഴത്തിൽ മുറിവേറ്റ മുള്ളൻ പന്നിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി. നാളുകളായി മേവറം ഭാഗത്ത് ചുറ്റിത്തിരിഞ്ഞ മുള്ളൻപന്നിയാണ് കെണിയിൽ വീണത്.

മുറിവേറ്റ് രക്തം വാർന്ന് കിടന്ന മുള്ളൻപന്നിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. വനം വകുപ്പിൽ വിവരം അറിയച്ചതിനെ തുടർന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ യൂണിറ്റെത്തി പ്രത്യേക കൂട്ടിലാക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചു.
15 കിലോ ഭാരമുള്ള പെൺ മുള്ളൻ പന്നിയെ രക്തസ്രാവം നിലയ്ക്കുന്നതിനുള്ള മരുന്നുകളും അനസ്തേഷ്യയും നൽകി മുറിവുകൾ തുന്നി കെട്ടി. തുടർന്ന് ആന്റി ബയോട്ടിക്കും വേദനസംഹാരികളും നൽകി.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻ കുമാറിന്റെ നിർദ്ദേശപ്രകാരം വെറ്ററിനറി സർജന്മാരായ ഡോ. സജയ് കുമാർ, ഡോ. സേതുലക്ഷ്മി,
അജിത്ത് മുരളി ഷിബു എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.

അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മുള്ളൻപന്നിയെ ശെന്തരുണി വന്യജീവി സങ്കേതത്തിൽ തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.