'ബേലൂർ മഗ്ന' ഇരുമ്പുപാലം ഭാഗത്ത്, മയക്കുവെടിവയ്‌ക്കാനുള്ള ദൗത്യം തുടരുന്നു; കണ്ണൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങി
കണ്ണൂർ: കൊട്ടിയൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങി. പന്ന്യമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ എത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത ബേലൂർ മഗ്ന (മോഴ) ദൗത്യം തുടരുന്നു. ആനയുടെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടി. ഇരുമ്പുപാലം ഭാഗത്താണ് ആനയിപ്പോൾ ഉള്ളത്. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. നിരീക്ഷണം തുടരുന്നു.
വനംവകുപ്പ് പ്രതീക്ഷിച്ചതിന്റെ വിപരീത ദിശയിലാണ് ആനയുള്ളത്. കുങ്കിയാനകൾ ബാവലി ഭാഗത്താണുള്ളത്. ഇന്നലെ രണ്ട് തവണ കൊലയാളി ആനയെ കണ്ടിരുന്നു. രാവിലെ പത്തരയോടെ കൊലയാളി ആനയെ കണ്ടെത്തിയിരുന്നെങ്കിലും നൂറ് മീറ്റർ അകലെയായിരുന്നു. പെട്ടെന്ന് ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞു. രണ്ടാമത് കണ്ടത് ചതുപ്പ് പ്രദേശത്തായിരുന്നു.അവിടെ വച്ച് മയക്കുവെടി വച്ചാൽ പിടികൂടാൻ സാധിക്കുമായിരുന്നില്ല. വീണ്ടും ഉൾക്കാട്ടിലേക്ക് പോയി.