"ഞാൻ ഒരു സർക്കാർ വാഹനത്തിലും കയറാറില്ല, അതിനൊരു കാരണമുണ്ട്"; തന്റെ വരുമാനം 21000 രൂപ മാത്രമെന്നും പന്ന്യൻ രവീന്ദ്രൻ

Tuesday 13 February 2024 12:41 PM IST

തിരുവനന്തപുരം: തന്റെ വരുമാനം എത്രയാണെന്ന് വെളിപ്പെടുത്തി സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. 21,000 രൂപയാണ് പെൻഷനായി കിട്ടുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. '2009 ൽ ഞാൻ ഒരു ടേം പൂർത്തിയാക്കാതെ വന്നതാണ്. മൂന്ന് വർഷവും നാല് മാസവും ഉണ്ടായിരുന്നു. അതിനുശേഷം നിങ്ങൾ ഒരു ടേം കൂടി നിൽക്കണമെന്ന് അന്നത്തെ പാർട്ടി സെക്രട്ടറി വെളിയം പറഞ്ഞു. എനിക്കൊരു ഗുരുനാഥനെപ്പോലെയും രക്ഷിതാവിനെപ്പോലെയുമൊക്കെയാ വെളിയം. ഞാൻ പറഞ്ഞു ആശാനെ അതെനി പറയേണ്ടെന്ന്.'-പന്ന്യൻ വ്യക്തമാക്കി. ഇനി മത്സരിക്കേണ്ടെന്ന തീരുമാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാൻ ഒരു കാര്യം നിങ്ങളോട് പറയാം. ഞാൻ ഒരു സർക്കാർ വാഹനത്തിൽ കയറാറില്ല. ഒരു മന്ത്രിയുടെയും വാഹനത്തിൽ കയറിയിട്ടില്ല. എംപിയായിരുന്നപ്പോൾ എംപിയുടെ ബോർഡ് വച്ച് പോയില്ല. എന്താണ് കാരണമെന്നറിയാമോ? ഞാൻ ഇവിടെ പാർട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കുന്നു. ഞാൻ ചടയമംഗലത്തൊരു ജനറൽ ബോഡിക്ക് പോയി. തിരിച്ച് ഞാൻ ഇങ്ങോട്ട് വരണം. ഞാൻ ബസിൽ കയറണം. കെ എസ് ആർ ടി സി ബസല്ലേ. ഞാൻ ബസിനിങ്ങനെ കാത്ത് നിൽക്കുകയാണ്. അപ്പോൾ ഒരു കാർ വരുന്നു.

കേരള സ്‌റ്റേറ്റ് കാറാണ്. നമ്മുടെ കരിയൻ രവിയാണ് ആ കാറിനകത്ത് വരുന്നത്. ചന്ദ്രശേഖരൻ മിനിസ്റ്ററുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അയാൾ എന്നെ കണ്ട് ചാടിയിറങ്ങി, എങ്ങോട്ടാണെന്ന് ചോദിച്ചു. തിരുവനന്തപുരത്താണെന്ന് പറഞ്ഞപ്പോൾ കയറാൻ പറഞ്ഞു.ഞാൻ കയറി. വന്നിറങ്ങുമ്പോൾ ആശാൻ കണ്ടു. പിറ്റേന്ന് രാവിലെ ആശാൻ എന്നെ ക്യാബിനിൽ വിളിച്ച് നിങ്ങളിന്നലെ ഏത് വണ്ടിയിലാണ് വന്നത്. ഞാൻ പറഞ്ഞു കരിയൻ രവിയുടെ കൂടെയെന്ന. കരിയൻ രവി വന്നത് സ്റ്റേറ്റ് കാറിലാണ്, നിങ്ങൾ സി പി ഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. ഭരണം നമുക്ക് താഴെയാണ്. ഭരണത്തിന് മുകളിലാണ് പാർട്ടി.പാർട്ടിയാണ് നമ്പർ വൺ. ആ പാർട്ടി ലീഡറായ നിങ്ങൾ സ്റ്റേറ്റ് കാറിൽ പോകുന്നത് ഇനി ആവർത്തിക്കരുതെന്ന് പറഞ്ഞു. ഞാൻ പിന്നെ ആവർത്തിച്ചില്ലല്ലോ. അതൊക്കെ പാഠങ്ങളാണ്.'- അദ്ദേഹം പറഞ്ഞു.