ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇന്ന് പേഴ്‌സണൽ സ്റ്റാഫ് അംഗം; ആരോപണവുമായി ഷോൺ ജോർജ്

Tuesday 13 February 2024 5:00 PM IST

കൊച്ചി: ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. 2008ൽ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ളീൻ ചിറ്റ് നൽകിയ ആർ മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷോൺ ജോ‌ർജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ആർ മോഹൻ വർഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഇദ്ദേഹം ഇടംപിടിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്‌മരണ എന്ന നിലയ്ക്കാണ്. സംഭവത്തിൽ കേന്ദ്രസർക്കാരിന് പരാതി നൽകും. കഴിഞ്ഞദിവസം മുഖ്യമന്ത്രിതന്നെ ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സൂചിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. തികച്ചും അവിചാരിതമായാണ് ആർ മോഹന്റെ പേര് ശ്രദ്ധയിൽപ്പെട്ടതെന്നും ഷോൺ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങളുടെ പേരുൾപ്പെടുന്ന ലിസ്റ്റുമായിട്ടായിരുന്നു ഷോൺ വാർത്താസമ്മേളനം നടത്തിയത്. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രിക്ക് ലഭിച്ച ക്ളീൻ ചിറ്റിന്റെ രേഖയും ഷോൺ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയിലെ നാലാം പേരുകാരനാണ് ആർ മോഹൻ.