മകളുടെ  ഓർമ്മകൾക്ക്  കാരുണ്യത്തിളക്കം , 5 കുടുംബങ്ങൾക്കായി 27 സെന്റ് ദാനം ചെയ്തു

Wednesday 14 February 2024 4:47 AM IST

കൊല്ലം: പാവപ്പെട്ടവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരുന്ന മകളുടെ ഓർമ്മയ്ക്കായി മാതാപിതാക്കൾ അഞ്ച് നിർദ്ധന കുടുംബങ്ങൾക്കായി 27 സെന്റ് സ്ഥലംവീതം ദാനം ചെയ്തു.

ഇരുപത്തിരണ്ടാം വയസിൽ വിട്ടുപിരിഞ്ഞ ഇളയ മകൾ അഖില റജിയുടെ ഓർമ്മയ്ക്കായാണ് കൊട്ടാരക്കര വാളകം ആക്കാട്ട് റെജി വിലാസത്തിൽ റെജിയും മിനിയും ഈ സദ്കർമ്മം ചെയ്തത്. ഒരു കുടുംബത്തിന് നാലു സെന്റ്. ഏഴു സെന്റ് വഴിക്കുവേണ്ടിയാണ്. കൊവിഡ് ലോക് ഡൗണിൽ പാവപ്പെട്ടവർക്ക് സ്വന്തം പണംചെലവഴിച്ച് അഖില കിറ്റുകൾ നൽകിയിരുന്നു. പ്രളയമുണ്ടായപ്പോഴും സഹായിക്കാൻ അഖില മുന്നിട്ടിറങ്ങിയിരുന്നു. ആ മകളാണ് 2022 ഡിസംബർ 30ന് വിട പറഞ്ഞത് . ചെന്നൈയിലെ ബാലാജി മെഡിക്കൽ കോളേജിലെ അവസാന വർഷ കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരിന്നു അന്ത്യം.

അണ്ടൂർ പറണ്ടോട്ട് കോണം ഭാഗത്തുള്ള സ്ഥലത്തിന്റെ ആധാരങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാലാണ് കൈമാറിയത്.

കല്ലറയിൽ വെബ്സൈറ്റും

ക്യു.ആർ കോഡും

നന്നായി പാടുകയും നൃത്തം ചെയ്യുകയും ചിത്രം വരയ്ക്കുകയും ചെയ്തിരുന്ന അഖിലയുടെ ഓർമ്മകൾക്ക് ജീവൻ പകരാൻ കല്ലറയിൽ ക്യു.ആർ കോഡും വെബ്സൈറ്റ് ലിങ്കും പതിച്ചു.

ഫോട്ടോകളും വീഡിയോകളും ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ കാണാനാകും. 130 ചിത്രങ്ങളും 25 വീഡിയോകളുമാണ് www.akhilaammuzz.in എന്ന വെബ്സൈറ്റിലുള്ളത്. സഹോദരി അനിജയും ഭ‌ർത്താവ് ഫെലിക്സുമാണ് ആശയത്തിന് പിന്നിൽ.

വാളകം മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിലെ കല്ലറ മാർബിളുകളാൽ മോടി പിടിപ്പിച്ചു. വെളുത്ത മാർബിളിൽ ചിരിക്കുന്ന അഖിലയുടെ ചിത്രവുമുണ്ട്. പ്രിയപ്പെട്ടവർ കൊണ്ടുവയ്ക്കുന്ന പൂക്കളും ചോക്ലേറ്രും എന്നും കല്ലറയിൽ കാണാം.

അവൾ എവിടേയ്ക്കും പോയിട്ടില്ല. ഞങ്ങളുടെ ഓർമ്മകളിൽ അനശ്വരയായി ജീവിക്കുന്നുണ്ട്.

മിനി, അഖിലയുടെ അമ്മ