ഇത് രണ്ടാം ജന്മം; മോദിക്ക് നന്ദി
തിരുവനന്തപുരം: 'ജയിലിൽ നിന്ന് എംബസിയിലേക്കുള്ള യാത്രയിലും മോചനവിവരം അറിഞ്ഞിരുന്നില്ല. എത്രയും വേഗം നിങ്ങളെ നാട്ടിലെത്തിക്കാനാണ് നിർദ്ദേശമെന്ന് അംബാസഡർ വിപുൽ അറിയിച്ചപ്പോൾ ലഭിച്ചത് രണ്ടാം ജന്മം".
18 മാസത്തെ ജയിൽവാസത്തിന് ശേഷം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കഥ പറയുമ്പോൾ നരുവാമൂട് ഇടയ്‌ക്കോട് ആതിരയിൽ രാഗേഷ് ഗോപകുമാറിന്റെ കണ്ണുകളിൽ അത്ഭുതം വിട്ടുമാറിയിട്ടില്ല. ഖത്തറിലേക്ക് പുറപ്പെടും മുൻപ് പാലുകാച്ചിയ വീടിന്റെ സിറ്റൗട്ടിൽ നിറപുഞ്ചിരിയുമായി ഭാര്യ ചിത്രയും മകൾ നിഹാരയും ഒപ്പമുണ്ട്. അദ്ധ്യാപികയാണ് ചിത്ര. മോചനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറയുകയാണ് കുടുംബം.
നേവിയിൽ നാവികനായിരുന്ന രാഗേഷ് വിരമിച്ച ശേഷം നാല് വർഷം മുൻപാണ് ദോഹയിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ചേർന്നത്. രാജ്യദ്രോഹകുറ്റം ആരോപിച്ച് 2022 ഓഗസ്റ്റിലാണ് രാഗേഷ് അടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ വിചാരണക്കോടതി 8 പേർക്കും വധശിക്ഷ വിധിച്ചു. ഡിസംബറിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദുമായി നരേന്ദ്രമോദി നടത്തിയ ചർച്ചയെ തുർന്ന് തടവുശിക്ഷയാക്കിക്കുറച്ചു.
ഡോ. ദീപക്മിത്തലിന് പകരം ഖത്തറിലെ അംബാസഡറായി വിപുൽ ചുമതലയേറ്റതോടെയാണ് മോചന നടപടികൾക്ക് വേഗം കൈവന്നത്. ജയിലായിരുന്ന സമയത്ത് ഭാര്യയെയും മക്കളെയും കാണാൻ അവസരം ഒരുക്കി. നാല് തവണ സർക്കാർ ചെലവിൽ കുടുംബത്തെ ഖത്തറിൽ എത്തിച്ചു. ആഴ്ചയിൽ മൂന്നു ദിവസം നാട്ടിലേക്ക് ഫോൺ വിളിക്കാൻ അവസരം നൽകി. പുസ്തകങ്ങളും പലഹാരങ്ങളുമടക്കം എംബസിയിൽ നിന്ന് കൃത്യമായി എത്തിച്ചുനൽകി.
ഇനി വിടില്ലെന്ന് ഭാര്യ
ഞായറാഴ്ച രാത്രിയാണ് പ്രത്യേകം വാഹനത്തിൽ ജയിലിൽ നിന്ന് എംബസിയിലെത്തിച്ചത്. കമ്പനിയുടെ എം.ഡി കമാൻഡർ പൂർണേന്ദു തിവാരിയുടെ യാത്രാനുമതി ശരിയായില്ലെന്നും അതിനാൽ അദ്ദേഹത്തോട് അവിടത്തെ വീട്ടിൽ പോകാനും നിർദ്ദേശിച്ചു. മറ്റ് ഏഴുപേരെയും അസി. അംബാസഡർ ഡൽഹിവരെ കൂട്ടിക്കൊണ്ടുവന്നു. ഡൽഹിയിലെ അശോക ഹോട്ടലിൽ താമസ സൗകര്യം നൽകിയെങ്കിലും എത്രയും വേഗം നാട്ടിലെത്തണമെന്ന് അറിയിച്ചതോടെ വിമാന ടിക്കറ്റ് ഏർപ്പാടാക്കി. ഇനി ഒരിടത്തേക്കും വിടില്ലെന്നാണ് ഭാര്യ പറയുന്നത്. എനിക്കും അത് തന്നെയാണ് തോന്നുന്നത്. ഏറെ ഇഷ്ടപ്പെട്ട പരിപ്പ് കറിയും ബീറ്റ്‌റൂട്ട് തോരനും അവൾ തയ്യാറാക്കി വച്ചിട്ടുണ്ട്. കുടുംബത്തിനൊപ്പമിരുന്ന് വീണ്ടും ഉണ്ണാനാവുമെന്ന് കുരതിയതല്ല- രാഗേഷ് പറഞ്ഞു നിറുത്തി.
ആശ്വസിപ്പിച്ച്
ജാവദേക്കർ
രാഗേഷിനെയും കുടുംബത്തെയും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ സന്ദർശിച്ചു. ഏതൊരു പൗരനും ഏതു ഘട്ടത്തിലും മോദിയുടെ സഹായം ലഭിക്കുമെന്നതിന് ഉദാഹരണമാണ് മോചനമെന്ന് ജാവദേക്കർ പറഞ്ഞു. കമാൻഡർ പൂർണേന്ദു തിവാരിയും ഉടൻ മോചിതനാകും.