ഭാരത് അരി ഈ ആഴ്ച   എല്ലാ ജില്ലകളിലേക്കും #10000 ടൺ കാലടിയിലെ മില്ലിൽ  പാക്കിംഗിന് എത്തിച്ചു

Tuesday 13 February 2024 11:30 PM IST

തിരുവനന്തപുരം: കേരളത്തിൽ ഭാരത് അരി വിതരണം ചെയ്യാൻ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്.) ശേഖരിച്ചത് പതിനായിരം ടൺ.ഈ അഴ്ച തന്നെ വാഹനങ്ങളിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യും.

തൃശൂർ, അങ്കമാലി എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് ശേഖരിച്ച അരി എറണാകുളം കാലടിയിലെ മില്ലിൽ പോളിഷ് ചെയ്തശേഷം പായ്ക്കിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ് .

അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാണ് വിൽപ്പന.

കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കിൽ ഭാരത് ബ്രാൻഡ‌ഡ് അരിയുടെ സംസ്ഥാനതല വിതരണം ഏഴിന് തൃശൂരിൽ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡൽഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കിൽ അരി വിതരണം തുടങ്ങിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെ രാഷ്ട്രീയ ചർച്ചയായി.

പൊതുവിപണിയിൽ 42 രൂപ വിലയുള്ള മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെന്ന് എൻ.സി.സി.എഫ്. അധികൃതർ പറഞ്ഞു.

അരിക്കൊപ്പം കടലപ്പരിപ്പ് @ ₹60

ഭാരത് അരി വിൽക്കുന്ന വാഹനങ്ങളിൽ കടലപ്പരിപ്പും വിലക്കുറവിൽ ലഭിക്കും. ഒരു കിലോ പായ്ക്കറ്റിന് 60 രൂപയാണ് വില. പൊതുവിപണിയിൽ 100 രൂപയ്ക്കു മുകളിലാണ് വില

അരിവില വിഹിതം

 ഒരു കിലോ അരിക്ക് എഫ്.സി.ഐ ഈടാക്കന്നത് 24 രൂപ

 കേന്ദ്ര സർക്കാർ സബ്സിഡി 5.45 രൂപ

 എൻ.സി.സി.എഫിന് ചെലവ് 18.55 രൂപ