തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയിലേയ്ക്ക്

Wednesday 14 February 2024 7:04 AM IST

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ ഹർജി നൽകും. നഷ്ടം കണക്കാക്കാൻ കമ്മിഷനെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടും. സ്‌ഫോടനത്തിൽ 150 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്.

സ്‌ഫോടനത്തിൽ എട്ട് വീടുകളാണ് പൂർണമായും തകർന്നത്. നാൽപ്പത് വീടുകൾക്ക് ബലക്ഷയം സംഭവിച്ചു. വാഹനങ്ങൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദികൾ നഷ്ടപരിഹാരം നൽകണമെന്ന് വീട്ടുടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രക്കമ്മിറ്റിക്കാണെന്നാണ് തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർമാർ പറയുന്നത്. വീട് തകർന്നവർക്കും മറ്റും ക്ഷേത്രക്കമ്മിറ്റി നഷ്ടപരിഹാരം നൽകണമെന്നും കൗൺസിലർമാർ പറഞ്ഞു.

തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സ്ഫോടനമുണ്ടായത്. ഭൂമി കുലുക്കത്തിന് സമാനമായി പ്രദേശമാകെ കുലുങ്ങി. മൂന്നര കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായി. പുതിയകാവ് ഭഗവതി ക്ഷേത്രോത്സവത്തിനായി തിരുവനന്തപുരം പോത്തൻകോടുനിന്ന് ടെമ്പോ ട്രാവലറിൽ ചാക്കിലാക്കി കൊണ്ടുവന്ന വെടിക്കെട്ട് സാമഗ്രികൾ സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഒരു ഡൈനാമിറ്റ് താഴെവീണ് പൊട്ടിയതാണ് കാരണമെന്ന് കരുതുന്നു. കെട്ടിടത്തിലുണ്ടായിരുന്ന പടക്കശേഖരവും പൊട്ടിത്തെറിച്ചു.

സ്‌ഫോടനത്തിൽ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വാറുവിളാകത്ത് അശോക് കുമാറിന്റെ മകൻ വിഷ്ണു‌ (27), പുനലൂർ സ്വദേശി ദിവാകരൻ (55) എന്നിവർ മരിച്ചിരുന്നു. കൊല്ലം പുനലൂർ സ്വദേശി ആനന്ദൻ (69), മടവൂർ ശാസ്താംകോട്ട പ്ളാവിളയിൽ ആദർശ് (29), ശാസ്താംകോട്ട സ്വദേശി​ മധുസൂദനൻ (60) പാരിപ്പിള്ളി ചാരുവിള വീട്ടിൽ അനിൽ (49) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

Advertisement
Advertisement