കെഎസ്ആർടിസി പെൻഷൻ തുക രണ്ടാഴ്ചയ്‌ക്കകം നൽകും; ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

Wednesday 14 February 2024 5:16 PM IST

കൊച്ചി: കെഎസ്‌ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നൽകുമെന്ന് ഹൈക്കോടതിയോട് സർക്കാർ. മൂന്ന് മാസത്തെ പെൻഷൻ കുടിശികയാണ് നൽകാനുള്ളത്. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുകയെന്നും സർക്കാർ അറിയിച്ചു. കൺസോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

മൂന്ന് മാസമായി പെൻഷൻ തുക കിട്ടാത്തതിനാൽ കെഎസ്ആർടിസിയിലെ 42,170 പെൻഷൻകാരിൽ ഭൂരിഭാഗവും ബുദ്ധിമുട്ടിലാണ്. 12 വർഷമായി പെൻഷൻ പരിഷ്കരണം, ഡിഐർ വർദ്ധന എന്നിവ നടന്നിട്ടില്ല. 12 വർഷം മുൻപുള്ള തുക കൊണ്ടാണ് പെൻഷൻകാർ ജീവിക്കുന്നത്. 2021ൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചപ്പോൾ പെൻഷൻ പരിഷ്കരണം നടത്തിയില്ല.

നിലവിൽ 28ശതമാനം ഡിആർ കുടിശികയാണ്. അഞ്ച് വർഷമായി ഉത്സവബത്ത കിട്ടാത്ത ഏക വിഭാഗം കെഎസ്ആർടിസി പെൻഷൻകാരാണ്. എക്സ്ഗ്രേഷ്യ പെൻഷനും പരിഷ്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ മിനിമം എക്സ്ഗ്രേഷ്യ പെൻഷൻ 1350 രൂപയാണ്. ഇത് സാമൂഹിക സുരക്ഷാ പെൻഷൻ തുകയിലും കുറവാണ്. പലപ്പോഴും രണ്ടും മൂന്നും തവണ കുടിശിക ഉള്ളപ്പോൾ ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിക്കുന്നത്.

Advertisement
Advertisement