പൊന്നരിവാൾ പ്രഭ മങ്ങാതെ കെ.പി.എ.സിക്ക് പുതിയ മുഖം
കായംകുളം : കേരളത്തിന്റെ സാംസ്കാരിക മനസിനെ ചുവപ്പണിയിച്ച കെ.പി.എ.സി മന്ദിരത്തിന് പുതിയ മുഖം. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ പുനർനിർമ്മാണം അവസാനഘട്ടത്തിലായി. പഴയ മന്ദിരത്തിന് മുന്നിൽ ഉണ്ടായിരുന്ന
കർഷകശില്പവും പുതിയ മന്ദിരത്തിൽ പുനർനിർമ്മിച്ചിട്ടുണ്ട്.
കാമ്പിശേരി കരുണാകരൻ സ്മാരകം, തോപ്പിൽ ഭാസി ഓഡിറ്റോറിയം എന്നിവയാണ് പ്രധാന കെട്ടിടങ്ങൾ. 19ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇവ ഉദ്ഘാടനം ചെയ്യും.
എറണാകുളം ലാ കോളേജിലെ വിദ്യാർത്ഥികളായിരുന്ന ജി.ജനാർദ്ദനക്കുറുപ്പ്, പുനലൂർ രാജഗോപാലൻ നായർ, ഐസക് തോമസ്, എൻ.പ്രഭാകരൻ നായർ എന്നിവർ ചേർന്നാണ് 1950ൽ കെ.പി.എ.സിക്ക് രൂപം നൽകിയത്. 1957ൽ കായംകുളം ആസ്ഥാനമായി തിരഞ്ഞെടുത്തു. തോപ്പിൽ ഭാസി, വയലാർ, ദേവരാജൻ, ഒ.എൻ.വി, ഒ.മാധവൻ, കാമ്പിശേരി, വി.സാംബശിവൻ, പി.ജെ.ആന്റണി, കെ.രാഘവൻ, കെ.പി.ഉമ്മർ, കെ.എസ്.ജോർജ്, കെ.പി.എ.സി സുലോചന, കേശവൻ പോറ്റി തുടങ്ങിയ പ്രതിഭകളെ കെ.പി.എ.സിയുടെ ചരടിൽ കോർത്തെടുത്തത് ജനാർദ്ദനക്കുറുപ്പായിരുന്നു.
'എന്റെ മകനാണ് ശരി "ആയിരുന്നു ആദ്യനാടകം. പിന്നീട്, ജന്മിത്വത്തിനെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയപ്രചാരണത്തിനുതകുന്നതുമായ നാടകം കണ്ടെത്താനുള്ള അന്വേഷണം എത്തിയത് തോപ്പിൽ ഭാസിയിലാണ്. ശൂരനാട് സമരത്തെത്തുടർന്ന് ഒളിവിലായിരുന്ന ഭാസി 'വിശ്വകേരളം" മാസികയിൽ എഴുതിയ 'മുന്നേറ്റം" എന്ന നാടകം പരിഷ്കരിച്ചാണ് രണ്ടാമത്തെ നാടകമായ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" അവതരിപ്പിച്ചത്. മലയാള നാടകവേദിയിൽ ഇതൊരു ചരിത്രമായി മാറി.
തേൻമഴയായി പെയ്ത ഗാനങ്ങൾ
ഒ.എൻ.വി പാട്ടെഴുത്തുകാരനായി അറിയപ്പെട്ടത് കെ.പി.എ.സിയിലൂടെയാണ്. ഒ.എൻ.വിയുടെയും വയലാറിന്റെയും കാവ്യസമ്പുഷ്ടമായ ഗാനങ്ങളാണ് കെ.പി.എ.സിക്ക് വാർമഴവില്ലിന്റെ മനോഹാരിത ചാർത്തിയത്. ഇവരുടെ ഗാനങ്ങൾ കെ.എസ്. ജോർജിന്റെയും സുലോചനയുടെയും ശബ്ദത്തിൽ മലയാളികളുടെ മനസിലേക്ക് തേൻമഴയായി പെയ്തിറങ്ങി. ജി.ദേവരാജനെ കെ.പി.എ.സിയിലേക്ക് കൈ പിടിച്ച് കൊണ്ടുവന്നതും ഒ.എൻ.വിയാണ്. പൊന്നരിവാളമ്പിളിയിൽ കല്ലെറിയുന്നോളെ,വെള്ളാരം കുന്നിലെ പൊൻമുളം കാട്ടിലെ, നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ, മാരിവില്ലിൻ തേൻമലരേ മാഞ്ഞുപോകയോ, അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്.... തുടങ്ങിയ കെ.പി.എ.സിയുടെ നാടകഗാനങ്ങൾ ഇന്നും ആസ്വാദക ഹൃദയങ്ങളിൽ തുടിക്കുന്നുണ്ട്.