മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു; അന്വേഷണത്തിന് ഉത്തരവ്

Thursday 15 February 2024 4:39 AM IST

കണ്ണൂർ: കൊട്ടിയൂരിൽ കഴിഞ്ഞ ദിവസം മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. 10 വയസിനു മുകളിൽ പ്രായമുള്ള കടുവയാണ് തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്ന വഴി ചത്തത്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കാൻ വനം മന്ത്രി ഉത്തരവിട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദിനാണ് അന്വേഷണച്ചുമതല.

കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മയക്കുവെടി വച്ചത്. പുലർച്ചെ 4ന് റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘമാണ് മയക്കുവെടിവച്ചത്.


വലതു ഭാഗത്തെ ഉളിപ്പല്ലു പോയതിനാൽ കാട്ടിൽ വിടാനാകാത്തതുകൊണ്ടാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്. കൊട്ടിയൂരിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 9ന് കടുവയുമായി വനം വകുപ്പ് സംഘം പുറപ്പെട്ടു. കൊണ്ടോട്ടിയിൽ വച്ച് കടുവ അനങ്ങുന്നില്ലെന്ന് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പുറമേ മുറിവുകൾ കാണാത്തതിനാലാണ് കടുവയെ മാറ്റാൻ തീരുമാനിച്ചതെന്നും ഹൃദയാഘാതമാകാം മരണകാരണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കടുവയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വനംമന്ത്രി രാജിവയ്ക്കണം: സുധാകരൻ

തുടർച്ചയായി മയക്കുവെടി വയ്ക്കുന്ന മൃഗങ്ങൾ ചത്തുപോകുന്നതിൽ അന്വേഷണം വേണമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
Advertisement