'ഭാവിയെക്കുറിച്ചുള്ള കാഴ്ചപാട് പ്രതിഫലിപ്പിക്കുന്നു'; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം സമർപ്പിച്ച് മോദി
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിർ. സ്വാമി നാരായണൻ, അക്ഷര പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമൻ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവ്വതി, ഗണപതി, കാർത്തികേയൻ, പദ്മാവതി-വെങ്കടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരാണ് പ്രധാന പ്രതിഷ്ഠകൾ.
'ബാപ്സിന്റെ നിർമ്മാണം യുഎഇയ്ക്ക് ഇന്ത്യയോടുള്ള സ്നേഹവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപാടും പ്രതിഫലിപ്പിക്കുന്നു. വലിയ പിന്തുണയാണ് ക്ഷേത്രത്തിന് ലഭിച്ചത്'. - മോദി പറഞ്ഞു.
ദുബായ് - അബുദാബി ഷെയ്ഖ് സായിദ് ഹെെവേയിലെ അൽറഹ്ബയ്ക്ക് സമീപം അബുമുറെെഖ പ്രദേശത്താണ് ബാപ്‌സ് ഹിന്ദു മന്ദിർ നിർമ്മിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ നിർമ്മിക്കുന്ന ആദ്യത്തെ ഹിന്ദു ക്ഷേത്രമാണിത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2015ലാണ് ക്ഷേത്ര നിർമ്മാണത്തിനായി 27 ഏക്കർ സ്ഥലം സംഭാവന ചെയ്തത്. 2019 ഏപ്രിൽ 20നാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഹിന്ദു സമൂഹത്തിൽ നിന്നുള്ള ധാരാളം പ്രവർത്തകരും ക്ഷേത്ര നിർമ്മാണത്തിന് പങ്കെടുത്തിരുന്നു. 2019ൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിച്ചു. മൊത്തം 27 ഏക്കർ. 2018ൽ തന്റെ രണ്ടാം സന്ദർശനത്തിനിടെ ദുബായ് ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു. രണ്ടു ടേമുകൾക്കിടെ മോദിയുടെ ഏഴാം യു എ ഇ സന്ദർശനമാണ് ഇപ്പോഴത്തേത്.
വെളുത്ത മാർബിളുകളും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ മക്രാനയിലെ ഗ്രാമങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. രാമൻ, ഗണപതി തുടങ്ങി നിരവധി ഹിന്ദു ദെെവങ്ങളുടെ വിഗ്രഹങ്ങൾ ക്ഷേത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്. അതിമനോഹരമായ മാർബിൾ കൊത്തുപണികൾ ക്ഷേത്രത്തിന്റെ മുൻവശത്ത് ഉണ്ട്. വടക്കൻ രാജസ്ഥാനിൽ നിന്ന് നിരവധി പിങ്ക് മണൽക്കല്ലുകളും നിർമ്മാണത്തിനായി എത്തിച്ചിരുന്നു.