സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി: അരി വിതരണം ഉടൻ

Thursday 15 February 2024 4:29 AM IST

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. മന്ത്രി വി. ശിവൻകുട്ടിയുമായുള്ള ചർച്ചയിലാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ് കുടിശിക നൽകാത്തതിനെ തുടർന്നാണ് സ്കൂളുകൾക്കുള്ള അരിവിതരണം സപ്ലൈകോ നിറുത്തിയത്. ഇതേത്തുടർന്നാണ് മന്ത്രിമാർ ചർച്ച നടത്തിയത്.

പദ്ധതിയ്ക്കുള്ള നാലാം പാദത്തിലെ അരി എഫ്.സി.ഐയിൽ നിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണം. അരി കുറവുള്ള സ്‌കൂളുകളിൽ ലഭ്യമാക്കാനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരി ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നതിനായുള്ള അനുമതിയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.