നഴ്സിംഗ് ബിരുദ പ്രോഗ്രാമിന് വിദേശഭാഷാ കോഴ്സ്

Thursday 15 February 2024 12:00 AM IST


ആഗോളതലത്തിൽ മികച്ച തൊഴിൽ മേഖലയായി നഴ്സിംഗ് മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സ്‌കിൽ കൈവരിച്ച നഴ്സുമാരുടെ വർദ്ധിച്ച തൊഴിലവസരങ്ങൾ നിലനിൽക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഭാഷ പ്രാവീണ്യമില്ലാത്തതുകൊണ്ടു തൊഴിൽ ലഭിക്കാൻ ഇന്ത്യൻ നഴ്സുമാർ തടസ്സം നേരിടുന്നുണ്ട്. വിദേശഭാഷ പഠിക്കുന്നതിലൂടെ ഇടനിലക്കാരില്ലാതെ മികച്ച തൊഴിൽ മേഖലയിലെത്താൻ നഴ്സിംഗ് ബിരുദധാരികൾക്കാകും. ഫ്‌ളോറൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2050 വരെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നിലവിലുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ബി.എസ്‌സി നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി വിദ്യാർത്ഥികൾക്ക് വിദേശഭാഷയിൽ ഓപ്ഷണൽ കോഴ്സ് എടുക്കുവാനുള്ള വിജ്ഞാപനം ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ പുറപ്പെടുവിച്ചിട്ടുണ്ട്. നഴ്സിംഗ് ബിരുദധാരികൾ കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനെത്തുന്ന സാഹചര്യത്തിൽ കരിക്കുലത്തിൽ വിദേശഭാഷ ഉൾപ്പെടുത്തുന്നത് ആഗോള നിലവാരം ഉറപ്പുവരുത്താൻ ഉപകരിക്കുമെന്നാണ് നഴ്സിംഗ് കൗൺസിൽ പ്രതീക്ഷിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ലാറ്റിൻ, ഐറിഷ്, കൊറിയൻ, സ്പാനിഷ്, പോർച്ചുഗീസ് മുതലായവയിൽ നിന്ന് ഏതു ഭാഷയും തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് പ്രാവീണ്യവും ലഭിക്കും. കോഴ്സ് പൂർത്തിയാക്കിയശേഷം പോകാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങൾക്കനുസരിച്ചുള്ള ഭാഷ പഠിക്കുന്നത് പഠനത്തോടൊപ്പം പ്രസ്തുത രാജ്യങ്ങളിൽ ഇന്റേൺഷിപ് ചെയ്യാനും തൊഴിൽ ഉറപ്പുവരുത്താനും സാധിക്കും. നഴ്സിംഗ് സ്‌കൂളുകളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ സഹായത്തോടെ വിദേശ ഭാഷ പഠിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി വിദ്യാർഥികൾ കൂടുതലായി ഫീസ് നൽകേണ്ടതില്ലെന്നും നഴ്സിംഗ് കൗൺസിൽ നിഷ്‌കർഷിക്കുന്നു.

Advertisement
Advertisement