വിദ്യാർത്ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം 18ന് 2000 പേർ പങ്കെടുക്കും

Thursday 15 February 2024 12:20 AM IST
മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: നവകേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഷയങ്ങളിൽ
വിദ്യാർത്ഥികളുമായി സംവദിക്കുന്നു. ഈമാസം 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടത്തുന്ന മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ സർവകലാശാലകൾ, മെഡിക്കൽ കോളേജുകൾ, പ്രൊഫഷനൽ കോളേജുകൾ, കേരള കലാമണ്ഡലം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കും.

പാഠ്യ, പാഠ്യേതര മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ, യൂണിയൻ ഭാരവാഹികൾ എന്നിവരുൾപ്പടെ 2000 വിദ്യാർത്ഥികളാണ് പങ്കെടുക്കുക. രാവിലെ 9.30 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തിൽ മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, ജില്ലയിലെ രണ്ട് മന്ത്രിമാർ, സർവകലാശാല വി.സിമാർ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രഗത്ഭർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ, കൊളീജിയേറ്റ് എഡ്യുക്കേഷൻ വകുപ്പ് മേധാവി, ടെക്‌നിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും പങ്കെടുക്കും.
നവകേരള സൃഷ്ടിക്കായുള്ള വിദ്യാർത്ഥികളുടെ ആശയങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ, പുതിയ മുന്നേറ്റങ്ങൾ, വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുഖാമുഖത്തിൽ ചർച്ച ചെയ്യും. വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനുമുള്ള സംവിധാനവും ഒരുക്കും.

മുഖാമുഖത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ബന്ധപ്പെട്ട സ്ഥാപനങ്ങൾ വഴി ഇതിനകം പൂർത്തിയായി. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും മുഖാമുഖം.

Advertisement
Advertisement