ഗഡ്ഗരിക്ക് മുഖ്യമന്ത്രി ഊണ് കൊടുത്തെന്ന് വി.ഡി. സതീശൻ

Thursday 15 February 2024 12:34 AM IST

തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രനെയും യു.ഡി.എഫിനെയും വിമർശിക്കുന്നവർ ആർ.എസ്.എസ് മേധാവിയുടെ മാനസപുത്രനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്ക്കരിക്കും കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ വിരന്നൊരുക്കിയത് മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ബഡ്ജറ്റ് പൊതുചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേമചന്ദ്രനെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി നാലെണ്ണം സ്വന്തം നെഞ്ചത്തേക്കാണെന്ന് ഓർക്കണം. ശ്രീ എമ്മിന്റെ മാദ്ധ്യസ്ഥതയിൽ മാസ്‌കോട്ട് ഹോട്ടലിൽ ആർ.എസ്.എസ് നേതാക്കളും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ച എന്തിനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ശ്രീ എമ്മിന് നാല് ഏക്കർ പതിച്ചുകൊടുത്തു.

നെഹ്രുവിന്റെ ആശയങ്ങളെ ഇല്ലാതാക്കാൻ നരേന്ദ്രമോദി പ്ലാനിംഗ് കമ്മീഷനെ നിർജീവമാക്കി. ഇതേ മാതൃകയിൽ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിനെ നിർജീവമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദേശ സർവകലാശാലകൾ ആരംഭിക്കും മുൻപ് ടി.പി. ശ്രീനിവാസനോട് മുഖ്യമന്ത്രി ക്ഷമ ചോദിക്കണം. സംസ്ഥാനത്തിന്റെ ധനസ്ഥിതിപരിശോധിച്ച് നികുതി വരുമാനം കൂട്ടാനും ചെലവും അഴിമതിയും ധൂർത്തും കുറയ്ക്കാനും സർക്കാർ തയ്യാറാകണമെന്നും സതീശൻ പറഞ്ഞു.