കൊയ്യാറായ പാടങ്ങൾ നശിപ്പിച്ചു; 35 കാട്ടുപന്നികളെ കൊന്നൊടുക്കി ഒറ്റപ്പാലം നഗരസഭ

Thursday 15 February 2024 12:35 PM IST

ഒറ്റപ്പാലം: നഗരസഭയിലെ പതിനൊന്ന് വാർഡുകളിൽ നിന്നായി 35 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കാർഷിക മേഖലയിൽ കാട്ടുപന്നികൾ കനത്ത നഷ്ടം വരുത്തിവയ്‌ക്കുന്ന സാഹചര്യത്തിലാണ് ഇവയെ നിയമാനുസൃതം വെടിവച്ച് കൊല്ലാൻ നഗരസഭ നടപടി സ്വീകരിച്ചത്.

അലി എൻ ഷാൻ, കെ പി ദേവകുമാർ, വി ജെ തോമസ് എന്നിങ്ങനെ വനം വകുപ്പിന്റെ പരിശീലനവും, ലൈസൻസും നേടിയവരുടെ നേതൃത്തിലായിരുന്നു കാട്ടുപന്നിവേട്ട. ഇവയുടെ ശല്യം കാരണം നെൽകൃഷിയടക്കം ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായി. കൊയ്യാറായ പാടങ്ങൾ പലതും കാട്ടുപന്നികൾ സംഘടിതമായെത്തി നശിപ്പിക്കുകയാണ്. ഇതിനിടെയാണ് കർഷകരുടെ ആവശ്യം മാനിച്ച് ഒറ്റപ്പാലം നഗരസഭയുടെ കാട്ടുപന്നി വേട്ട.

കാട്ടുപന്നികളെ നിയമപരമായി കൊല്ലാൻ സ്വീകരിക്കുന്ന നടപടികളെ കുറിച്ചും, ഇവയെ കൊന്നൊടുക്കാൻ നടത്തുന്ന ശാസ്ത്രീയ പ്രവർത്തനങ്ങളെ കുറിച്ചും നേരിട്ട് കണ്ട് പഠിക്കാൻ തമിഴ്നാട് ഉന്നതതല ഉദ്യോഗസ്ഥരും അടുത്തിടെ ഒറ്റപ്പാലത്ത് എത്തിയിരുന്നു.