"മകൻ ഒറ്റയ്ക്ക് കയറി വന്നപ്പോൾ പേടിച്ചുപോയി, കുട്ടി അവിടെയില്ലെന്ന് ഡേ കെയറുകാർ അറിഞ്ഞത് ഞങ്ങൾ വിളിക്കുമ്പോൾ"; ഇനി വിടില്ലെന്ന് പിതാവ്
തിരുവനന്തപുരം: ഡേ കെയറിൽ നിന്ന് രണ്ടുവയസുകാരൻ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി പിതാവ് സുധീഷ്. മകൻ ഒറ്റയ്ക്ക് കയറി വന്നപ്പോൾ പേടിച്ചുപോയെന്നും എന്ത് ചെയ്യണമെന്നറിയാതെ പകച്ചെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
താനും ഭാര്യയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോൾ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവരമറിഞ്ഞയുടൻ ഡേ കെയർ അധികൃതരെ ഫോണിൽവിളിച്ച് സംസാരിച്ചു. തങ്ങൾ വിളിക്കുമ്പോഴാണ് കുട്ടി അവിടെയില്ലെന്ന് അവർക്ക് മനസിലായത്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും അവർ മറുപടി നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പട്ടി ശല്യമൊക്കെയുള്ള പ്രദേശത്തുകൂടിയാണ് കുട്ടി വന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് ഒന്നും സംഭവിക്കാതിരുന്നതെന്നും സുധീഷ് പറഞ്ഞു. സംഭവത്തിൽ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇനി കുട്ടിയെ ഡേ കെയറിൽ വിടേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനം.
നേമം കാക്കാമൂലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സുധീഷിന്റെ രണ്ട് വയസും നാല് മാസവുമുള്ള മകൻ അങ്കിത് പേടിച്ചും കരഞ്ഞും വീട്ടിലേക്ക് ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കിലോമീറ്ററോളമാണ് കുട്ടി ഒറ്റയ്ക്ക് പോയത്.