ഇനി കാർ ലൈസൻസ് എടുക്കൽ എളുപ്പമല്ല, എച്ച് മാത്രം പോര; മേയ് മുതൽ പുതിയ പരിഷ്‌കാരങ്ങൾ ഉണ്ടായേക്കും

Thursday 15 February 2024 3:33 PM IST

തിരുവനന്തപുരം: എച്ച് എടുത്ത് കാർ ലൈസൻസ് കൊണ്ടുപോകൽ ഇനി നടക്കില്ല. ഇറക്കവും കയറ്റവും റിവേഴ്സും പാർക്കിംഗുമൊക്കെ നല്ല രീതിയിൽ ചെയ്താൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ. മേയ് മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നേക്കും. എച്ച് എടുക്കാൻ മാത്രമല്ല, സമാന്തര പാർക്കിംഗ്, ആംഗുലാർ പാർക്കിംഗ് അടക്കം ചെയ്യാനുള്ള സൗകര്യങ്ങൾ ഗ്രൗണ്ടിൽ ഒരുക്കണം. ഇത് സർക്കാരാണോ, ഡ്രൈവിംഗ് സ്‌കൂളുകളാണോ ഒരുക്കേണ്ടത് എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ചിലർ സമ്മതിച്ചില്ല. നിലവിലെ രീതിയിൽ തന്നെ എച്ച് എടുക്കാമെങ്കിലും പാർക്കിംഗ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങൾ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പറയുന്നത്.

നിലവിൽ സംസ്ഥാനത്ത് 86 ഡ്രൈവിംഗ് പരിശോധന കേന്ദ്രങ്ങളുണ്ടെങ്കിലും ഇതിൽ പത്തെണ്ണം മാത്രമേ മോട്ടോർ വാഹന വകുപ്പിന് സ്വന്തമായിട്ടുള്ളൂ. ബാക്കി പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ പുതിയ സൗകര്യങ്ങൾ ഒരുക്കുക പ്രയാസമായിരിക്കും. അങ്ങനെ വരുമ്പോൾ പുതിയ സ്ഥലം കണ്ടെത്തേണ്ടിവരും.