'ഇന്ത്യ  - ഖത്തർ ബന്ധം കൂടുതൽ ആഴത്തിലാക്കും, ഭാവി കാര്യങ്ങൾ അവലോകനം ചെയ്തു'; ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി

Thursday 15 February 2024 5:01 PM IST

ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്.

'മനോഹരമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ - ഖത്തർ ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. ഭൂമിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭാവിയിൽ പല മേഖലകളിലും ഇന്ത്യയും ഖത്തറും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി എക്‌സിൽ കുറിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിൽ ചർച്ച നടക്കും. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ മുൻ നാവികരെ ഖത്തർ വിട്ടയച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമെന്ന പ്രത്യേകതയും ഇതിനുണ്ട്. യുഎഇയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ക്ഷേത്രമായ ബാപ്‌സിന്റെ ഉദ്‌ഘാടന ചടങ്ങിലും മോദി പങ്കെടുത്തു.

ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി നരേന്ദ്ര മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. ദോഹയിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ കണ്ടു. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകളും ഇരുവരും തമ്മിൽ നടത്തി. ഇതിന് മുമ്പ് 2016ൽ ആണ് പ്രധാനമന്ത്രി ഖത്തറിൽ എത്തിയത്. 2023ൽ ആണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വർഷം പിന്നിട്ടത്.

Advertisement
Advertisement