പുന്നാപ്പള്ളി വീട്ടിലെ പൂജാമുറിയിൽ ഹിന്ദു ദൈവങ്ങൾക്കൊപ്പം പുണ്യാളന്റെ കുരിശും

Friday 16 February 2024 4:21 AM IST

കൊച്ചി: അരൂക്കുറ്റി പുന്നാപ്പള്ളി വീട്ടിലെ പൂജാമുറിയിൽ ഹിന്ദു ദൈവങ്ങൾക്കൊപ്പം പാദുവാപുരം പള്ളിയിലെ പുണ്യാളന്റെ കുരിശും! നിലവിളക്കിലെ വെട്ടം ഇനി അഞ്ചുനാൾ കുരിശ്ശിലും പ്രഭചൊരിയും. എല്ലാ വർഷവും അരൂക്കൂറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന് കൊടികയറുന്നതോടെ പുണ്യാളന്റെ കുരിശ് പള്ളിയിൽ നിന്ന് ആഘോഷമായി പുന്നാപ്പള്ളി വീട്ടിലെത്തിക്കും.

ഈ ആചാരത്തി​നു പി​ന്നി​ൽ ഒരു കഥയുണ്ട്. കൈതപ്പുഴ കായലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ പുന്നാപ്പള്ളി വീട്ടിൽ ഉന്റാന്റെ വല ജലത്തി​നടി​യി​ൽ ഉടക്കി. മുങ്ങി​നോക്കി​യപ്പോൾ എന്തോ തിളങ്ങുന്നു. അതുകണ്ട് ദേഹാസ്വാസ്ഥ്യം തോന്നി​യ ഉന്റാൻ വീട്ടി​ലേക്കു മടങ്ങി​. ഈ സമയം പള്ളിയിലെ വികാരിയച്ചന് കായലിൽ കുരിശ് കണ്ടതായി​ സ്വപ്നമുണ്ടായി. ഉന്റാന്റെ അനുഭവം മത്സ്യത്തൊഴി​ലാളി​കൾ പറഞ്ഞ് പുരോഹി​തൻ അറി​ഞ്ഞു.

ഉന്റാൻ തി​ളങ്ങുന്ന വസ്തു കണ്ടയി​ടത്ത് അടുത്ത തി​രുനാളി​ന് കുറ്റി​​ നാട്ടി​ പള്ളി​യി​ലെ കുരി​ശ് സ്ഥാപി​ച്ചു. വഞ്ചി​യി​ൽ ഇവി​ടേക്ക് പുണ്യാളന്റെ പ്രദക്ഷി​ണവും നടത്തി. അതു തുടർന്നു. തിരുനാളിന് അഞ്ചു ദി​നം മുമ്പാണ് കുരി​ശ് ഉന്റാന്റെ വീട്ടി​ലെത്തി​ക്കുക. കുരി​ശ് ഏറ്റുവാങ്ങൽ പിന്നീട് മകൻ മാധവനും മാധവനിൽ നിന്ന് മകൻ രാജനും കൈമാറി. ഇതിനിടയിൽ ഉന്റാനും മാധവനും വിടവാങ്ങി. ഇപ്പോൾ രാജനും മകൻ കണ്ണനും ഈ ആചാരം തുടരുന്നു.

രാജന്റെ ഭാര്യ രാധമ്മയാണ് കുരിശിന് മുന്നിൽ അഞ്ചു ദിവസവും വിളക്ക് തെളിക്കുന്നത്. കണ്ണന്റെ ഭാര്യ രജിത, മക്കളായ മാധവ്, കൃഷ്ണ, കാശിനാഥ് എന്നിവർ സഹായവുമായി കൂടെയുണ്ട്. ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചു മണിക്ക് കുരിശ് രാജന്റെ വീട്ടിൽ നിന്ന് വിശ്വാസികൾ ആഘോഷമായി കൊണ്ടുപോകും. ദേവാലയത്തിന് മുന്നിലെ കടവിൽ വള്ളത്തിൽ കാത്തുനിൽക്കുന്ന രാജനും മകൻ കണ്ണനും ഇത് ഏറ്റുവാങ്ങി കായലിന് നടുവിൽ നാട്ടും. തിരുനാൾ ആഘോഷംകഴിഞ്ഞ് പുന്നാപ്പള്ളി കുടുംബം തന്നെ കായലിൽ നിന്ന് കുരിശ് പള്ളിയിൽ എത്തിക്കും. ഈ വർഷം വികാരി ഫാ. ആന്റണി കുഴുവേലിയാണ് രാജനും മകൻ കണ്ണനും കുരിശ് കൈമാറിയത്. ആലപ്പുഴ എറണാകുളം ജില്ലകളി​ലെ 113 പേർ ചേർന്നാണ് തിരുനാൾ നടത്തുന്നത്.

''ചെറുപ്പംമുതൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് കുരിശ് കൊണ്ടുവരുന്ന ചടങ്ങിനെ സന്തോഷത്തോടെയാണ് കണ്ടിരുന്നത്. ജാതിഭേദമെന്യേ എല്ലാവരും എത്തുന്ന ആഘോഷത്തിലും പെരുന്നാളിലും ഭാഗമാകാൻ കഴിയുന്നത് വലിയ നിയോഗമായി കരുതുന്നു

- കണ്ണൻ