കരിമണൽ ഖനനം സി.എം.ആർ.എല്ലിനെതിരായ ഉത്തരവ് തെളിവല്ല: ലോകായുക്ത
തിരുവനന്തപുരം: സി.എം.ആർ.എല്ലിനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ ഉത്തരവ് തോട്ടപ്പിള്ളി കരിമണൽ ഖനനത്തിന് പിന്നിലെ അഴിമതിക്ക് തെളിവായി പരിഗണിക്കാനാകില്ലെന്ന് ലോകായുക്ത. ഖനനത്തിനെതിരെ സമരസമിതി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവരുടെ നിരീക്ഷണം.
കേസിൽ കക്ഷിയല്ലാത്ത സി.എം.ആർ.എല്ലിനെതിരായ ഉത്തരവിന് എന്ത് പ്രസക്തിയാണുള്ളതെന്നും ഇരുവരും ചോദിച്ചു. അളവിൽ കവിഞ്ഞ ഖനനം നടന്നോയെന്ന് ഉറപ്പിക്കാൻ ഈ ഉത്തരവ് ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ആരാണ് കരിമണൽ കടത്തിയതെന്ന് സ്ഥാപിക്കാൻ പരാതിക്കാർക്ക് കഴിയുന്നില്ല. സി.എം.ആർ.എലിന് എതിരെ ഹർജിയിൽ പരാതി ഉന്നയിച്ചിട്ടില്ല. ആർക്കാണ് മണൽ ലഭിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ സി.എം.ആർ.എലിനെ കക്ഷി ചേർക്കണമായിരുന്നുവെന്നും ഉപലോകായുക്ത ചൂണ്ടിക്കാട്ടി.
കരിമണൽ ലഭ്യമാക്കാൻ സി.എം.ആർ.എൽ പലർക്കും പ്രതിഫലം നൽകിയെന്ന് സമര സമിതി പറഞ്ഞു. അനധികൃത പണമിടപാട് തെളിയിക്കുന്നതാണ് തർക്കപരിഹാര ബോർഡിന്റെ ഉത്തരവ്. അതിനാൽ അഴിമതിക്ക് തെളിവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് നിരസിച്ചത്. ഹർജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
മാദ്ധ്യമശ്രദ്ധ കിട്ടാൻ വേണ്ടി: സർക്കാർ
തർക്ക പരിഹാര ബോർഡ് ഉത്തരവ് പരിഗണിക്കുന്നതിനെ സർക്കാരും എതിർത്തു. മാദ്ധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള നീക്കം ദുരദ്ദേശ്യപരമാണെന്നും സർക്കാർ അഭിഭാഷക വാദിച്ചു
തോട്ടപ്പിള്ളിയിൽ നടക്കുന്നത് ഖനനമല്ല, മണൽ നീക്കമാണെന്നായിരുന്നു കെ.എം.എം.എല്ലിന്റെ വാദം. സി.എം.ആർ.എല്ലിനെ നേരിട്ട് കരിമണൽ നൽകുന്നില്ലെന്നും ബോധിപ്പിച്ചു
സപ്ലൈകോ വിലവർദ്ധന
നവകേരള സദസിന്റെ
സമ്മാനം: പ്രേമചന്ദ്രൻ
കോഴിക്കോട്: സപ്ലൈകോ വിലവർദ്ധന നവകേരള സദസിന്റെ സമ്മാനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇടതുമുന്നണി ഭരണം കേരളത്തെ മുടിപ്പിച്ചെന്നും ഒരു ഭാഗത്ത് ധൂർത്തും മറുഭാഗത്ത് ജനദ്രോഹവുമാണ് നടക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് പരസ്യമായാണ്. കേരള മുഖ്യമന്ത്രിയെപ്പോലെ ഒരു രഹസ്യ ചർച്ചയും നടത്തിയിട്ടില്ല. രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണ്. യു.ഡി.എഫിന് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ജാഗ്രത കുറവുണ്ടായോ എന്നത് മാദ്ധ്യമങ്ങളുടെ മാത്രം പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
സപ്ളൈകോ പൂട്ടിക്കാൻ
ശ്രമം: കെ. സുരേന്ദ്രൻ
കൊച്ചി: ആന്ധ്രയിലെ അരി ലോബിയെ സഹായിക്കാനായി സപ്ലൈകോയെ പൂട്ടിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സപ്ലൈകോയിലെ അവശ്യ സാധനങ്ങൾക്ക് വിലവർദ്ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാർ സൗജന്യ അരി വിതരണം ചെയ്യുമ്പോഴാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.