ബയോടെക്നോളജി: ഉപരിപഠന, ഗവേഷണ പരീക്ഷകൾ

Friday 16 February 2024 12:00 AM IST

ഡിപ്പാർട്ട്മെന്റ് ഒഫ് ബയോടെക്നോളജി ബിരുദാനന്തര പ്രവേശനത്തിനും ഡോക്ടറൽ പ്രോഗ്രാമിനുമുള്ള പ്രവേശന പരീക്ഷകൾക്കും ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്‌നോളജിക്കും ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ബിരുദാനന്തര ബയോടെക്നോളജി പ്രോഗ്രാമുകൾക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. പ്രതിമാസം 5000 മുതൽ 12000 രൂപ വരെ വിവിധ സ്ഥാപനങ്ങളിൽ നിന്നും സ്റ്റൈപ്പന്റ് ലഭിക്കും. ഏപ്രിൽ 20നാണ് പരീക്ഷ. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റിലൂടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടാം. യോഗ്യതയ്ക്കനുസരിച്ചു ഡോക്ടറൽ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാം. ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് മാർച്ച് 6 വരെ അപേക്ഷിക്കാം. ഏപ്രിൽ 20നാണു പരീക്ഷ. www.dbt.ntaonline.in

ഐ.സി.എം.ആർ ഗവേഷണ ഗ്രാന്റ്

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ഗവേഷണ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ, ചികിത്സ, ഫാർമസി, പബ്ലിക് ഹെൽത്ത് മേഖലകളിലെ ഗവേഷണത്തിന് 8 കോടി രൂപ വരെ ഗ്രാന്റ് നൽകും. www.icmr.nic.in

എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫെലോഷിപ്പ്

എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫെലോഷിപ്പിന്, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. ഡോക്ടറൽ ഗവേഷണത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. കൃഷി, ലൈഫ് സയൻസ്, അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ താത്പര്യം വേണം. 23 -32 വയസ്സാണ് പ്രായപരിധി. 24 മാസത്തേക്കാണ് ഫെലോഷിപ്പ്. ചെന്നൈയിലും, മറ്റു ഫീൽഡ് കേന്ദ്രങ്ങളിലും പ്രവർത്തിക്കാം. പ്രതിമാസം 50,​000 രൂപ വീതം ഫെലോഷിപ്പ് ലഭിക്കും. www.mssrf.org

DAAD ഫെലോഷിപ്പ് @ ജർമ്മനി

ജർമ്മനിയിൽ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമുള്ള 2024 ലെ DAAD ഗ്രാജ്വേറ്റ് സ്കൂൾ സ്കോളർഷിപ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഡോക്ടറൽ ഗവേഷണത്തിന് 4 വർഷം വരെ ഫെലോഷിപ്പ് ലഭിക്കും. ലൈഫ് സയൻസ് എൻജിനിയറിംഗ് പ്രോഗ്രാമിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മോളിക്യൂലർ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, സിന്തറ്റിക് ബയോളജി, മെറ്റീരിയൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, മൈക്രോ & നാനോ ടെക്നോളജി, ഇലക്ട്രിക്കൽ & മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.daad.de