നദികളിലെ മണൽ വാരൽ പുനരാരംഭിക്കും

Friday 16 February 2024 12:42 AM IST

തിരുവനന്തപുരം: സാൻഡ് ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ മണൽ ഖനന സാദ്ധ്യത കണ്ടെത്തിയ നദികളിൽ ഇക്കൊല്ലം തന്നെ മണൽ വാരൽ പുനരാരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഖനന സാദ്ധ്യത. കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ മണൽ വാരൽ സൈറ്റുകൾ ഇല്ലെന്നും പി.എസ്. സുപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.


കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ച് അവസാനത്തോടെ ഖനനം ആരംഭിക്കാനാവും. നിലവിലുള്ള മണൽ വാരൽ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയിൽ കടവ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചായിരിക്കും മണൽ വാരുക. കമ്മിറ്റികളുടെ അദ്ധ്യക്ഷന്മാരായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരെ നിയോഗിക്കും. പുഴകളെ സംരക്ഷിക്കുന്നതിനൊപ്പം സംസ്ഥാനത്തെ മണലിന്റെ ദൗർലഭ്യം പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement